
ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് പോരാട്ടം
ഹൈദരാബാദ് സെമിയിൽ ഇരുപാദങ്ങളിലുമായി 3-2ന് ബഗാനെ കീഴടക്കി
ബാംബോലിം: അദ്ഭുതങ്ങൾ സംഭവിച്ചില്ല. നേരത്തേ പ്രതീക്ഷിച്ച പോലെ തന്നെ ഞായറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. സെമിയിൽ ഇരുപാദങ്ങളിലുമായി എടികെ മോഹൻ ബഗാനെ 3-2ന് കീഴടക്കിയാണ് ഹൈദരാബാദിന്റെ കന്നി ഫൈനൽ പ്രവേശനം. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബഗാനോട് തോറ്റെങ്കിലും ആദ്യപാദത്തിൽ 3-1ന്റെ മികച്ച ജയം നേടാനായത് ഹൈദരാബാദിന് തുണയായി.
ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം വേദിയായ രണ്ടാം പാദത്തിൽ റോയ് കൃഷ്ണയാണ് 79-ാം മിനിട്ടിൽ ബഗാനായി ലക്ഷ്യം കണ്ടത്. ഫൈനലിൽ എത്താൻ വലിയ ജയം ആവശ്യമായിരുന്ന ബഗാൻ ഇന്നലെ തുടക്കം മുതലേ ഹൈദരാബാദ് ഗോൾ മുഖത്തേക്ക് ആക്രമിച്ചു കയറി. ഏഴാം മിനിട്ടിൽ ബഗാന്റെ ജോണി കൗക്കോയുടെ ശ്രമം ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തട്ടിയകറ്റി. തുടരെയുള്ള ബഗാന്റെ ആക്രമണങ്ങളെ ഹൈദരാബാദ് കോട്ടകെട്ടി തടഞ്ഞു. 22-ാം മിനിട്ടിൽ ലിസ്റ്റൺ കൊളോക്കോയുടെ ഷോട്ട് പോസ്റ്റിലുരുമി പുറത്തേക്ക് പോയി. ബഗാന്റെ ആക്രമണത്തിൽ ഒന്നു പതറിയെങ്കിലും പതിയെ ഹൈദരാബാദും താളം കണ്ടെത്തി മുന്നേറ്റങ്ങൾ നടത്തി. മറുവശത്ത് ലിസ്റ്റൺ രണ്ട് മികച്ച അവസരങ്ങൾ കൂടി നഷ്ടപ്പെടുത്തിയതോടെ ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിടെ തുടക്കത്തിൽ തന്നെ റോയ് കൃഷ്ണയുടെ ക്ലോസ് റേഞ്ച് ശ്രമം കട്ടിമണി സേവ് ചെയ്തു. 78-ാം മിനിട്ടിൽ ബഗാൻ കാത്തിരുന്ന നിമിഷമെത്തി. റോയ് കൃഷ്ണയിലൂടെ അവരുടെ അക്കൗണ്ടിലേക്ക് ഒരു ഗോൾ. ലിസ്റ്റൺന്റെ തകർപ്പൻ ക്രോസ് മനോഹരമായ ഫിനിഷിംഗിലൂടെ റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു. അവസാനം വരെ ഗോളിനായി ബഗാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാനായില്ല.