
ടോക്കിയോ : കിഴക്കൻ ജപ്പാനിൽ അതിശക്തമായ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.06ന് ജപ്പാനിലെ ഫുക്കുഷിമ മേഖലയിലാണ് ഭൂചലനമുണ്ടായത്. പിന്നാലെ ജപ്പാന്റെ വടക്ക് കിഴക്കൻ തീരമേഖലയിൽ നാലടിയോളം ഉയരത്തിൽ സുനാമിത്തിരകളുണ്ടാകാമെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. അതേ സമയം, തലസ്ഥാനമായ ടോക്കിയോയിലെ 7 ലക്ഷം ഉൾപ്പെടെ 20 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. ഫുകുഷിമ, മിയാഗി, യമഗാറ്റ പ്രവിശ്യകളിൽ തുടർചലനങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഫുകുഷിമയിലെ ആണവ പ്ലാന്റിന്റെ സ്ഥിതി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ജപ്പാനിലെ ട്രെയിൻ ഗതാഗതവും തടസപ്പെട്ടതായാണ് വിവരം.
2011 മാർച്ച് 11ന് ഫുകുഷിമയിൽ റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന്റെ ഫലമായി 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശിയിരുന്നു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്. സുനാമിത്തിരകൾ ഫുകുഷിമ ആണവനിലയത്തിലെ പൊട്ടിത്തെറിയ്ക്ക് കാരണമായിരുന്നു.