ksrtc

തിരുവനന്തപുരം: വൻ കടത്തിൽ മുങ്ങി ബുദ്ധിമുട്ടുന്ന കെഎസ്‌ആർടിസിയ്‌ക്ക് ഇരുട്ടടിയായി എണ്ണക്കമ്പനികളുടെ തീരുമാനം. കോർപറേഷനെ ബൾക്ക് പർച്ചേസർ വിഭാഗത്തിൽപെടുത്തി ലിറ്ററിന് 21 രൂപ 10 പൈസയാണ് എണ്ണകമ്പനികൾ ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ ലിറ്ററിന് 121 രൂപ 35 പൈസയാണ് കെഎസ്‌ആർടിസി നൽകേണ്ടി വരിക. സുപ്രീംകോടതിയിൽ ഈ തീരുമാനത്തെ കെഎസ്‌ആർടിസി നേരിട്ടെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

എണ്ണകമ്പനികളുടെ തീരുമാനത്തെ തുടർന്ന് കെഎസ്‌ആർടിസിയ്‌ക്ക് ഒരുമാസം 21 കോടിയുടെ അധികബാദ്ധ്യതയാണ് ഉണ്ടാകുക. സാധാരണക്കാരന്റെ അവലംബമായ കെഎസ്‌ആർടിസിയുടെ നില ഇതോടെ കൂടുതൽ പരുങ്ങലിലാകും. തീരുമാനത്തിനെതിരെ നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഒരു ദിവസം നാല് ലക്ഷം ലിറ്റർ ആണ് അധികമായി ഇതോടെ കോർപറേഷന് വേണ്ടിവരിക. പൊതുഗതാഗതത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിൽ നിന്നുമുണ്ടായതെന്ന് ആന്റണി രാജു പറഞ്ഞു. കെഎസ്‌ആർടിസിയുടെ വരുമാനം സർക്കാർ അധികാരത്തിലെത്തുന്ന സമയത്ത് 20 കോടി മാത്രമായിരുന്നു. അത് 150 കോടിവരെയാക്കിയ സമയത്താണ് ഇന്ധനവില കൂട്ടി കോർപറേഷന് തിരിച്ചടി നൽകിയതെന്നും മന്ത്രി ആരോപിച്ചു.