dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും, ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് ദിലീപിന്റെ വാദം.

കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജിയിൽ, ഫോൺ രേഖകളടക്കമുള്ള നിർണായക തെളിവുകൾ പ്രതികൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സ്റ്റേറ്റ്‌മെന്റ് നൽകിയിരുന്നു. ഇതിലാണ് ദിലീപ് മറുപടി നൽകിയത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും നടൻ കോടതിയെ അറിയിച്ചു.

വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നും ഹ‌ർജിയിൽ പറയുന്നു. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദ്ദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സർട്ടിഫിക്കറ്റും നടൻ ഹാജരാക്കി.