goat

കിളിമാനൂർ: ഒരിടവേളയ്ക്ക് ശേഷം കിളിമാനൂരിൽ വീണ്ടും അജ്ഞാത ജീവി ആക്രമണം. നാല് ആടുകളെ കടിച്ചു കൊന്നു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർത്ഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ ആടുകളെയാണ് കടിച്ചു കൊന്നത്. ഒരു തള്ള ആടിനേയും മൂന്ന് കുഞ്ഞാടുകളേയുമാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വെളുപ്പിനെ പാൽ കറവയ്ക്കായി ശശീന്ദ്രൻ പിള്ളയുടെ ഭാര്യ ശാന്ത തൊഴുത്തിൽ എത്തിയപ്പോഴാണ് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടത്.

നാലുചുറ്റും മതിൽ കെട്ടിയ വീടിനോട് ചേർന്ന തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. മതിൽ ചാടിക്കടന്നാണ് അജ്ഞാതജീവി ആടുകളെ കടിച്ച് കൊന്നത്. വീടിന്റെ സിറ്റൗട്ടിലെ തറയിൽ ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

കാൽപ്പാടുകൾ പരിശോധിച്ചതിൽനിന്ന് നായയോ പുലിയോ ആകാമെന്നാണ് വനം വകുപ്പ് അറിയിച്ചത്. മാസങ്ങൾക്ക് മുമ്പ് കിളിമാനൂരിലും സമീപപ്രദേശങ്ങളിലും അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നിരുന്നു. തുടർന്ന് വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുകയും വിവിധ സ്ഥലങ്ങളിൽ കാമറകളും കൂടുകളും സ്ഥാപിക്കുകയും ചെയ്തെങ്കിലും ജീവിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളുടെ ഇടവേളകൾക്ക് ശേഷമാണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.