n

കാലിഫോ‌ർണിയ: അക്കൗണ്ട് ഷെയറിംഗിൽ പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി പ്രമുഖ ഓൺലെെൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്. ലോകത്തൊട്ടാകെ ഒട്ടനവധി ഉപയോക്താക്കളുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്‌ഫ്ലിക്‌സ്. ഒരു അക്കൗണ്ട് വീട്ടിലുള്ള ഒന്നിലധികം പേർക്ക് ഉപയോഗിക്കാൻ നെറ്റ്ഫ്ലിക്‌സ് അനുവദിക്കാറുണ്ട്. വീടുകളിൽ കൂടാതെ കൂട്ടുകാർക്കിടയിലും ഷെയർ ചെയ്ത് നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവർ ഏറെയാണ്.

പ്രീമിയം പ്ലാനിൽ അഞ്ച് പ്രൊഫെെലുകൾ വരെ നെറ്റ്ഫ്ലിക്‌സിൽ ഉണ്ടാക്കാം. ഇത്രയും പ്രൊഫെെലുകൾ പരസ്‌പരം ഷെയ‌ർ ചെയ്ത് അഞ്ചിൽ കൂടുതൽ പേരും പലപ്പോഴും നെറ്റ്ഫ്ലിക്‌സ് സേവനം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന എല്ലാവ‌ർക്കും തിരിച്ചടിയാകുന്ന മാറ്റമാണ് നെറ്റ്ഫ്ലിക്‌സ് കൊണ്ട് വരാൻ ഒരുങ്ങുന്നത്.

വീടിന് പുറത്തുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ട് ഷെയർ ചെയ്യുന്ന പ്രാഥമിക അക്കൗണ്ട് ഉടമകളിൽ നിന്നും അധിക ഫീസ് ഈടാക്കാനാണ് നെറ്റ്‌ഫ്ലിക്‌സ് ഒരുങ്ങുന്നത്. പ്രാഥമിക ഘട്ടത്തിൽ ചിലി, കോസ്റ്റാറിക്ക, പെറു എന്നീ മൂന്ന് രാജ്യങ്ങളിൽ ഈ രീതി നെറ്റ്‌ഫ്ലിക്‌സ് പരീക്ഷിയ്ക്കും. ഈ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പുതിയ പരീക്ഷണ പദ്ധതി തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. പ്രതിമാസം ഏകദേശം രണ്ടോ മൂന്നോ യുഎസ് ഡോളറാകും അധികമായി ഈടാക്കുക.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്‌സിന് ലഭിച്ചിരിക്കുന്ന സബ്‌സ്‌ക്രൈബർമാരിൽ ഇടിവുണ്ടായിട്ടുണ്ട്. സമീപഭാവിയിൽ മറ്റ് ഒട്ടനവധി ഒടിടി പ്ലാറ്റ്‌ഫോമുകൾ കളം പിടിച്ചതാണ് നെറ്റഫ്ലിക്‌സിന് തിരിച്ചടിയായത്. യുഎസിലെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് ഉയ‌ർത്തുമെന്നും നെറ്റഫ്ലിക്‌സ് അറിയിച്ചിട്ടുണ്ട്.