
കാഞ്ഞങ്ങാട്: കള്ളന്റെ പ്രൊഫൈൽ ചിത്രത്തോടെ പൊലീസ് ഉണ്ടാക്കിയ വാട്സ് ആപ് ഗ്രൂപ്പ് കൗതുകമാകുന്നു. മടിക്കൈ കാഞ്ഞിരപ്പൊയിലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കറുകവളപ്പിൽ അശോകന്റെ പേരിലാണ് അമ്പലത്തറ പൊലീസ് കള്ളൻ അശോകൻ എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. നാട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് കാട്ടിൽ ഒളിവിൽ കഴിയുന്ന അശോകനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാനാണ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് .
വാട്സ് ആപ് കൂട്ടായ്മയിലൂടെ നാട്ടുകാരെയും പൊലീസിനെയും ഏകോപിപ്പിച്ച് അശോകനെ എളുപ്പം പിടികൂടാമെന്നായിരുന്നു പൊലീസിന്റെ കണക്കു കൂട്ടൽ. എസ്.ഐ.മധുസൂദനൻ മടിക്കൈ ആണ് വാട്സ് ആപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് .പിന്നീട് ചിലരെ ഇതിന്റെ അഡ്മിൻമാരാക്കി. അതോടെ ഗ്രൂപ്പ് നിറഞ്ഞു. കറുകവളപ്പ് മുതൽ വിദേശ രാജ്യങ്ങളിലുള്ളവർ വരെ ഗ്രൂപ്പിൽ അംഗങ്ങളായി .അതോടെ ഗ്രൂപ്പിന്റെ ഉദ്ദേശ്യം മാറി. വിദേശത്തുള്ളവർ ഗ്രൂപ്പ് അംഗങ്ങളായതോടെയാണ് ലക്ഷ്യം പാളിയത്. ഗ്രൂപ്പിലെ ചർച്ചകൾ അധികം വൈകാതെ അശോകന് ലഭിച്ചിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഇതോടെ ഗ്രൂപ്പ് പിരിച്ചു വിടാനുള്ള ആലോചനയിലാണ് പൊലീസ് ഇപ്പോൾ.
പൊലീസ് നായയും ഡ്രോണും ശ്രമിച്ചിട്ടും അശോകനെ പിടികൂടാനാകാതെ വന്നപ്പോഴാണ് പൊലീസ് സാമൂഹ്യ മാദ്ധ്യമ സാദ്ധ്യത ആരാഞ്ഞത്. അതും പാളിപ്പോകുകയായിരുന്നു.