ukraine

കീവ്: അധിനിവേശം ആരംഭിച്ച് 22ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യുക്രെയിനെതിരെ ശക്തമായി തന്നെ ആക്രമണം തുടരുകയാണ് റഷ്യ. യുക്രെയിനിന്റെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോളിൽ മാത്രമായി 2400ൽ ഏറെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കണക്കുകൾ ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതായി അധികൃതർ പറയുന്നു.

പതിമൂന്ന് ദിവസമായി വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മരിയുപോളിലെ ജനങ്ങൾ വലയുകയാണ്. ഏകദേശം നാലു ലക്ഷത്തോളം ജനങ്ങൾ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കാർകീവിലെ പ്രധാന മാർക്കറ്റ് റഷ്യൻ ആക്രമണത്തിൽ കത്തിനശിച്ചു.

യുദ്ധത്തിൽ യുക്രെയിനിന്റെ പ്രത്യാക്രമണത്തിൽ ഏഴായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. പതിനാലായിരത്തിൽ അധികം സൈനികർക്ക് പരിക്കേറ്റു.

At least 7,000 Russian soldiers killed in Ukraine and more than 14,000 injured, according to U.S. estimates - NYT

— BNO News (@BNONews) March 17, 2022

റഷ്യൻ സേന തട്ടിക്കൊണ്ടുപോയ മരിയുപോൾ മേയറെ വിട്ടുകിട്ടുന്നതിനായി പിടികൂടിയ ഒൻപത് സൈനികരെ യുക്രെയിൻ കൈമാറി. റഷ്യൻ അധിനിവേശത്തിന് പിന്നാലെ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചത് അംഗീകരിക്കാനും ക്ഷമിക്കാനുമാവില്ലെന്ന് റഷ്യൻ ഭരണകൂടം പ്രതികരിച്ചു.

തന്റെ രാജ്യത്തിന്റെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ചെറുത്തുനിൽപ്പ് തുടരുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു. റഷ്യക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളുടെ സഹായം തേടുന്നത് തുടരും. യുദ്ധം അവസാനിച്ചാൽ ഉടൻ തന്നെ രാജ്യം വീണ്ടും പടുത്തുയർത്തുമെന്നും സെലൻസ്‌കി പറഞ്ഞു.

റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടിയന്തര യോഗം ചേരണമെന്ന് യു എസ്, യു കെ, ഫ്രാൻസ്, അൽബേനിയ, നോർവെ, അയർലാൻഡ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ അധിനിവേശത്തെ പിന്തുണച്ച ബെലാറൂസിലേക്കുള്ള വ്യോമപാത അടയ്ക്കാൻ കാനഡ തീരുമാനിച്ചു.

യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ റഷ്യ എത്രയും പെട്ടെന്ന് യുക്രെയിനിലെ അധിനിവേശ നടപടികൾ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. യുക്രെയിൻ ഭരണകൂടം കിഴക്കൻ യുക്രെയിനിലെ റഷ്യൻ ഭാഷ സംസാരിക്കുന്നവരെ വംശഹത്യ നടത്തുന്നതാണ് റഷ്യൻ സൈനിക നടപടിക്ക് കാരണമെന്ന റഷ്യൻ ഭരണകൂടത്തിന്റെ വാദം കോടതി തള്ളി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര കോടതി പറഞ്ഞു.

13 വോട്ടുകളുടെ പിന്തുണയോടെയാണ് കോടതി യുക്രെയിന് അനുകൂലമായ വിധി പാസാക്കിയത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജഡ്ജിമാർ വിധിയെ എതിർത്ത് വോട്ട് ചെയ്തപ്പോൾ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്‌ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി. .യുദ്ധം ആരംഭിച്ചത് മുതൽ നിക്ഷ്പക്ഷ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതിന് വിപരീദമായാണ് ദൽവീർ ഭണ്ഡാരി വോട്ട് രേഖപ്പെടുത്തിയത്.റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം നടത്തുന്നുവെന്ന യുക്രെയിന്റെ പരാതിയിലാണ് കോടതിയുടെ നിർണായക വിധി.