high-court

കൊച്ചി: സിനിമാ മേഖലയിൽ ആഭ്യന്തരപരാതി പരിഹാരസംവിധാനം വേണമെന്ന് ഹൈക്കോടതി. വനിതാക്കൂട്ടായ്‌മയായ ഡബ്ല്യുസിസി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. പരാതികൾ പരിശോധിക്കാനും പരിഹരിക്കാനുമുള്ള ഒരു സെൽ എല്ലാ സിനിമാ ലൊക്കേഷനുകളിലും വേണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മലയാളചലച്ചിത്ര മേഖലയെ സംബന്ധിച്ച് സുപ്രധാനമായ ഇടപെടലാണ് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്‌മ ഹൈക്കോടതിയെ സമീപിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 31നാണ് ഹർജിയിൽ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തത്.

മലയാളസിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും പഠിച്ച് ഉടൻ നിയമനിർമ്മാണമുണ്ടാകുമെന്നും വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.