court

ഷില്ലോംഗ്: അടിവസ്ത്രത്തിന് മീതെയുള്ള ലൈംഗികാതിക്രമം പോലും ബലാത്സംഗത്തിന് തുല്യമായിരിക്കുമെന്ന് മേഘാലയ ഹൈക്കോടതി. പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വാദം കേട്ട ശേഷം പ്രതിക്കെതിരെ ഐപിസി 375(ബി) വകുപ്പ് പ്രകാരം കുറ്റം ചുമത്താമെന്ന് നിരീക്ഷിച്ചുകൊണ്ട് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചു.

ചീഫ് ജസ്റ്റീസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് ഡബ്ല്യു ദിയെൻഗ്‌ഡോ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2006 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരാഴ്ചയ്ക്കുശേഷം നടന്ന വൈദ്യ പരിശോധനയിൽ പോലും പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വേദന ഉണ്ടായിരുന്നുവെന്നും അടിവസ്ത്രങ്ങൾ അഴിച്ചിട്ടില്ലെന്ന് പ്രതി അവകാശപ്പെടുന്നുണ്ടെങ്കിലും ലൈംഗികബന്ധത്തിന് മതിയായ തെളിവുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.

2018 ഒക്ടോബർ 31 ന് വിചാരണ കോടതി പ്രതിയെ പത്ത് വർഷം തടവിന് ശിക്ഷിക്കുകയും 25,000 പിഴ ചുമത്തുകയും ചെയ്തു. പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചിട്ടില്ലെന്നും, അതിനാൽ തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്നും വാദിച്ചുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.