modi

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂടുമെന്നാണ് ഒട്ടുമിക്കവരും കരുതിയത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ഈ ആശങ്കയ്ക്ക് ആക്കം പകർന്നു. റഷ്യ- യുക്രെയിൻ യുദ്ധം കാരണം ആഗോള തലത്തിൽ എണ്ണവില വാനംമുട്ടെ ഉയർന്ന സാഹചര്യത്തിൽ മറിച്ച് ചിന്തിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. പെട്രോൾ ലിറ്ററിന് 25 രൂപവരെ കൂടിയേക്കും എന്നുവരെ പ്രചാരണമുണ്ടായി.

എന്നാൽ പ്രതീക്ഷിച്ചപാേലെ ഒന്നും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് സംസ്ഥാനങ്ങളിലും സർക്കാരുകൾ അധികാരത്തിൽഎത്തുകയും ചെയ്തു. പക്ഷേ, എണ്ണവില ഇപ്പോഴും തിരഞ്ഞെടുപ്പിന് മുമ്പത്തെ അവസ്ഥയിൽ തന്നെ. മാത്രമല്ല ഉടൻ ഒരു വില വർദ്ധനവ് ഉണ്ടാവില്ലെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. വില കൂടില്ലെന്ന് മാത്രമല്ല ഒരു പക്ഷേ വിലയിൽ കുറവും ഉണ്ടായേക്കാം. അതേസമയം, പെട്രോളിനും ഡീസലിനും സെൻട്രൽ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ സാദ്ധ്യതയില്ലെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.

കേന്ദ്രത്തിന്റെ ശക്തമായ നീക്കം

കേന്ദ്രസർക്കാരിന്റെ ശക്തമായ ചില നീക്കങ്ങളാണ് രാജ്യത്ത് എണ്ണവില പിടിച്ചുനിർത്താൻ സഹായകമായത്. ഇതിലൊന്ന് അന്താരാഷ്ട്രാ ഉപരോധത്തെ മറികടന്ന് റഷ്യയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാനുള്ള തീരുമാനമാണ്. ആഗോള തലത്തിൽ എണ്ണവില കുതിച്ചുയരുമ്പോൾ വളരെ വിലകുറച്ചാണ് ഇന്ത്യക്ക് ക്രൂഡ് നൽകാൻ റഷ്യ തയ്യാറായത്. രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മേയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലിൽ മൂന്ന് ദശലക്ഷം ബാരൽ റഷ്യയിൽ നിന്നും കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങളാൽ വ്യാപാരം നടത്താനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയമാണ് റഷ്യയെ ഇന്ത്യയോട് അടുപ്പിക്കുന്നത്. പതിനാല് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന വില എണ്ണയ്ക്കുള്ളപ്പോൾ റഷ്യൻ കമ്പനികൾ നീട്ടുന്ന ഓഫർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമാണ്.

ഇന്ത്യയ്ക്ക് അന്താരാഷ്ട്രാ വിലയിൽ നിന്ന് 27 ശതമാനം വരെ വിലക്കിഴിവാണ് റഷ്യൻ എണ്ണക്കമ്പനികൾ വാഗ്ദ്ധാനം ചെയ്യുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള റോസ്‌നെഫെറ്റാണ് കൂടുതൽ നൽകാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.കിട്ടിയ അവസരം പരമാവധി മുതലാക്കാൻ തന്നെയായിരുന്നു ഇന്ത്യയുടെ തീരുമാനം.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അമേരിക്കയെ പിണക്കുമോ എന്ന ഭീതി ഇന്ത്യക്കുണ്ടായിരുന്നു. യുക്രെയിനിലെ റഷ്യയുടെ ആക്രമണത്തെ അപലപിക്കാത്ത ഇന്ത്യൻ നിലപാടിൽ പാശ്ചാത്യ രാജ്യങ്ങൾക്കടക്കം വിരോധവുമുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയെ പിണക്കാത്ത സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്. റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഒരിക്കലും ഉപരോധത്തിന്റെ ലംഘനമാവില്ലെന്നാണ് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഇത് ഇന്ത്യയുടെ നീക്കത്തിന് കൂടുതൽ വേഗത കൈവരുത്തിയിട്ടുണ്ട്.

modi1

വിലക്കയറ്റവും പിടിച്ചുനിറുത്താം

പെട്രോൾ, ഡീസൽ വിലകൾ വൻതോതിൽ ഉയർന്നാൽ അത് രാജ്യത്ത് വൻതോതിലുള്ള വിലക്കയറ്റത്തിന് ഇടയാക്കിയേക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് കാര്യമായ ആശങ്ക ഉണ്ട്. കർഷക സമരംപോലെ ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അടുത്തിട‌െ നിയസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി ജെ പിക്ക് ജയിക്കാനായി. ഇത് അടുത്തുതന്നെ നടക്കാനിരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിലനിറുത്തണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. വിലക്കയറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇക്കാര്യം പാർട്ടിക്കും കേന്ദ്രസർക്കാരിനും നല്ല ബോധ്യമുണ്ട്. അത്തരത്തിലൊരു വൻ പ്രശ്നം ഇല്ലാതാക്കാനും കൂടിവേണ്ടിയാണ് റഷ്യയിൽ നിന്ന് എണ്ണവാങ്ങാൻ പൊടുന്നനെ തീരുമാനമെടുത്തതെന്നും റിപ്പോർട്ടുണ്ട്. കൂടെക്കൂടെ ക്രൂഡ് വില ഉയർത്തുന്ന ഒപ്പെക് രാജ്യങ്ങളുടെ ഭീഷണിയെയും ഇതിലൂടെ സമർത്ഥമായി തടയാനാവുമെന്നും കണക്കുകൂട്ടുന്നു.

ഡോളർ കട്ട്

ഉപരോധം നിലനിൽക്കുന്നതിനാൽ റഷ്യയുമായി എങ്ങനെ ഇടപാട് നടത്തുമെന്നായിരുന്നു ഏറ്റവും വലിയ ആശങ്ക. ഒടുവിൽ അതിനുള്ള വഴിയും കണ്ടെത്തി. ഡോളർ ഉപേക്ഷിച്ച് സ്വന്തം കറൻസി ഉപയോഗിച്ച് റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിനുള്ള ഒരു സംവിധാനം ഇന്ത്യ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അടുത്തുതന്നെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായേക്കും. റഷ്യൻ ബാങ്കുകൾക്കെതിരെ ഉപരോധമേർപ്പെടുത്തിയതോടെ നടത്തിയ ഇടപാടുകളിലെ പണം കിട്ടാതെ വലഞ്ഞിരിക്കുകയാണ് ഇന്ത്യക്കാരായ കയറ്റുമതിക്കാർ. ഏകദേശം 500 മില്യൺ ഡോളറിന്റെ പേയ്‌മെന്റുകൾ ഇത്തരത്തിൽ കിട്ടാനുണ്ടത്രേ. ഇതോടെയാണ് റൂബിളും രൂപയുമായി ബന്ധപ്പെടുത്തി പ്രശ്നം പരിഹരിക്കാനാവുമാേ എന്ന ചിന്ത ഉരുത്തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ബാങ്കുകളുമായും ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്.ഈ രീതിയിൽ തന്നെ എണ്ണയും വാങ്ങാനാവുമെന്നാണ് കണക്കുകൂട്ടൽ. ഇത് റഷ്യക്കും സമ്മതമാണത്രേ.

oil

ക്രൂഡോയിൽ വില താഴ്ന്നു

ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ചയാണ് എണ്ണവില 100 ഡോളറിന് താഴെയെത്തിയത്. പിന്നീട് വില ചെറിയ രീതിയിൽ ഉയർന്ന് ഇന്നലെ 102.7 ഡോളറിലെത്തി. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30 ശതമാനമാണ് കുറഞ്ഞത്.

എന്തുകൊണ്ട് വില കുറഞ്ഞു?

1, ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. കൊവിഡ് -19 കേസുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി ചൈന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

2, 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ യു.എസും റഷ്യയും ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിലെ എണ്ണ വിതരണ ആശങ്കകൾക്ക് അയവ് വരുത്തി.