
ന്യൂഡൽഹി: ഏഷ്യയിലെയും രാജ്യത്തെയും രണ്ടാമത്തെ കോടീശ്വരനാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. സാമ്പത്തിക മേഖലയിൽ ഈ വർഷവും അദാനി ഗ്രൂപ്പ് കുതിപ്പ് തുടരുകയാണ്. 81 ബില്യൺ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ഇപ്പോഴത്തെ ആസ്തി.
തുറമുഖങ്ങളും എയ്‌റോസ്‌പേസും മുതൽ താപ ഊർജ്ജവും കൽക്കരിയും ഉൾപ്പടെയുള്ള കമ്പനികളെ നിയന്ത്രിക്കുന്ന 59 കാരനായ അദാനിയുടെ ആസ്തിയിൽ ഓരോ വർഷവും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ലോകത്തെ മുൻനിര ശതകോടീശ്വരൻമാരായ എലോൺ മസ്‌ക്, ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ട് എന്നിവരെക്കാൾ ഉയർന്ന വർദ്ധനവാണ് 2021ൽ ആസ്തിയുടെ കാര്യത്തിൽ അദാനി സ്വന്തമാക്കിയത്. 2021ൽ 49 ബില്യൺ യുഎസ് ഡോളറിന്റെ വർദ്ധനവാണ് അദാനിയുടെ ആസ്തിയിൽ ഉണ്ടായിരിയ്ക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ ഇപ്പോൾ റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയാണ്. 2021ൽ 20 ബില്യണിന്റെ വർദ്ധനവാണ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായിരിയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനിയും അംബാനിയും തമ്മിൽ ശതകോടീശ്വരൻമാരുടെ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. ഇരുവരും മാറി മാറി ഒന്നാമതെത്തുന്നുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടെ അംബാനിയുടെ സമ്പത്ത് 400 ശതമാനമാണ് വർദ്ധിച്ചത്. എന്നാൽ അദാനിയുടെ വരുമാനത്തിൽ 1,830 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഈ കുതിപ്പ് തുടർന്നാൽ വെെകാതെ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറും.