
അവധിക്കാലം ആസ്വദിക്കാൻ ഒട്ടുമിക്ക സെലിബ്രിറ്റികളും തിരഞ്ഞെടുക്കുന്നത് കടൽ തീരങ്ങളാണ്. കടൽകാറ്റിൽ വിശ്രമിക്കുന്ന, ഒഴിവു സമയം ബീച്ചിൽ ആസ്വദിക്കുന്ന ചിത്രങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരറാണി കരീന കപൂർ. തന്റെ ഇളയമകനായ ജഹാംഗീറുമൊത്ത് കടലിന് മുന്നിലായി ഇരിക്കുന്ന ചിത്രം കരീന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
ഇറ്റാലിയൻ ആഡംബര ബ്രാൻഡായ വെർസേസിന്റെ ഗ്രേസ സ്വിം സ്യൂട്ടാണ് കരീന അണിഞ്ഞിരുന്നത്. കറുത്ത പ്രിൻന്റഡ് സ്യൂട്ടിൽ താരം അതീവ സുന്ദരിയായിരിക്കുന്നുവെന്ന് നിരവധി ആരാധകർ അഭിപ്രായപ്പെട്ടു. 34,800 രൂപയാണ് കരീന അണിഞ്ഞിരുന്ന സ്വിം സ്യൂട്ടിന്റെ വില. എപ്പോഴും തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് നില നിർത്തുന്ന താരം ബീച്ച് വെയറിലും തന്റെ കയ്യൊപ്പ് പതിക്കാൻ മറന്നില്ല.

ഫാഷൻ, ട്രെൻഡ് എന്നിവയിലും എപ്പോഴും മുന്നിലുണ്ട് കരീന. താരത്തിന്റെ ഡ്രസിംഗ് സെൻസിനും ആരാധകർ ഏറെയാണ്. എയർപോർട്ട് ഫാഷനിലും പാർട്ടി വെയറിലുമൊക്കെ വേറിട്ടു നിൽക്കുന്ന താരം കയ്യടി നേടുന്നതും പതിവാണ്.