acid-attack

കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഭർത്താവിന്റെ ആസി‌ഡ് ആക്രമണം. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ വച്ചാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. മുഖത്തും ശരീരത്തിന്റെ മുകൾ ഭാഗത്തും സാരമായി പൊള്ലലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ലോക്ഡൗൺ സമയത്തായിരുന്നു ഇവരുടെ വിവാഹം നടന്നത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം പെൺകുട്ടി പരീക്ഷയ്ക്കുള്ല തയാറെടുപ്പുകൾ തുടർന്നെങ്കിലും പ്രതിക്ക് അതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. തുടർന്ന് കുട്ടി സ്വന്തം വീട്ടിലെത്തി പഠനം തുടർന്നു. പരീക്ഷ നടക്കുന്ന ദിവസം രാവിലെ പ്രതി കുട്ടിയെ വിളിച്ച് പരീക്ഷാ കേന്ദ്രം എവിടെയാണെന്ന് അന്വേഷിച്ചിരുന്നു. തുടർന്ന് അവിടെ എത്തി പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്ത് സംഭവിച്ചാലും പരീക്ഷ എഴുതും എന്ന പറഞ്ഞ കുട്ടിക്ക് നേരെ ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹ ശേഷം തന്റെ ഭാര്യ പഠനം തുടരുന്നതിനോടുള്ല എതിർപ്പാണ് ആസിഡ് ഒഴിക്കാൻ കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

വിവാഹശേഷം പഠനം തുടരുന്നതിനെ ചൊല്ലി പെൺകുട്ടിയും ഭർത്താവും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നതായി കുട്ടിയുടെ സഹോദരി പറഞ്ഞു. നന്നായി പഠിക്കുന്ന കുട്ടി ആയതിനാൽ അവൾ പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസം നേടണമെന്ന് തങ്ങളും ആഗ്രഹിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ നില ഇപ്പോൾ ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.