
കാലിഫോർണിയ: ഓൺലൈൻ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി ഇമോജികൾ മാറിക്കഴിഞ്ഞു. വികാരങ്ങളുടെ ഡിജിറ്റൽ രൂപമാണ് ഇമോജികളെന്നു വേണമെങ്കിൽ പറയാം. നമ്മുടെ വികാരങ്ങളും മാനസിക അവസ്ഥയുമെല്ലാം വാക്കുകളിലൂടെയല്ലാതെ തന്നെ ചാറ്റ് ചെയ്യുന്ന ആളിനെ അറിയിക്കാൻ ഇമോജികൾ വളരെയധികം സഹായകമാണ്. ടൈപ്പ് ചെയ്യുന്നത് പരമാവധി ഒഴിവാക്കി ഇമോജികളൾ ഉപയോഗിക്കുന്നവരായും നമ്മൾ മാറിക്കഴിഞ്ഞു. വാക്കുകൾക്ക് പ്രകടമാക്കാൻ സാധിക്കാത്ത വികാരങ്ങളെ വളരെ ഫലപ്രദമായി അപ്പുറത്തിരിക്കുന്ന ആളിന് മനസ്സിലാക്കി കൊടുക്കാനും ഇമോജികൾക്കാവും.
വികാരങ്ങൾ കൂടുന്തോറും ഇമോജികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും കുറച്ച് ഇമോജികൾ കൂടെ വന്നിരിക്കുന്നു. വളരെ കൗതുകകരമായ മൂന്ന് എണ്ണമുൾപ്പടെ 37 പുതിയ ഇമോജികളാണ് പുതുതായി നമ്മുടെ കീബോഡിൽ ഇടം പിടിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും കൗതുകകരമായത് ഗർഭധാരണം നടത്തിയ ഒരു പുരുഷന്റേതാണ്. ഇതിനൊപ്പം ഒരു ജെൻഡർ ന്യൂട്രലായ വ്യക്തിയും, ലൈംഗിക ചുവയോടെ കടിച്ചു പിടിച്ച ചുണ്ടും പുതിയ ഇമോജികളുടെ കൂട്ടത്തിലുണ്ട്. ആപ്പിളിന്റെ ഐഒഎസിന്റെ പുതിയ വെർഷനായ 15.4ന്റെ അപ്‌ഡേറ്റിലാണ് ഈ ഇമോജികളുള്ളത്.

കൊറിയൻ പോപ് ഗായകരായ ബിടിഎസ് ആരാധകർക്കായി ഒരു ഇമോജിയും പുതിയവയുടെ കൂട്ടത്തിലുണ്ട്. ഹൃദയത്തിന്റെ ആകൃതിയിൽ (ലൗ ഷേപ്പ്) രണ്ട് കൈകൾ ചേർത്തു വച്ചിരിക്കുന്നതാണ് ഈ ഇമോജി. കൂടാതെ ഏഴ് സമൈലികളുമുണ്ട്.
സല്യൂട്ട് ചെയ്യുന്ന മുഖം, സന്തോഷം കൊണ്ടുള്ള ആനന്ദക്കണ്ണീർ പൊഴിക്കുന്ന മുഖം, ഉരുകി പോകുന്ന മുഖം, കണ്ണു പൊത്തിയ ശേഷം കൈകൾക്കിടയിലൂടെ പുറത്തേക്ക് ഒളികണ്ണിട്ട് നോക്കുന്നത്, ഡോട്ടട് ലൈനിട്ട മുഖം, ചെരിഞ്ഞ വായയോടു കൂടിയത്, വലതും ഇടതും കൈകളുടെ ഓരോന്ന്, കൈപ്പത്തി താഴേക്കും മുകളിലേക്കും തിരിച്ചു പിടിച്ചിരിക്കുന്നത് തുടങ്ങിയവ പുതിയ സ്‌മൈലികളാണ്.
