
ചാമ്പ്യൻസ് ലീഗ് : ചെൽസിയും വിയ്യാറയലും ക്വാർട്ടിൽ
ടൂറിൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യൻമാരായ യുവന്റസിനെ തരിപ്പണമാക്കി വിയ്യാറയൽ ക്വാർട്ടറിൽ കടന്നു. യുവെയുടെ തട്ടകമായ ടൂറിനിൽ നടന്ന മത്സരത്തിൽ 3 -0ത്തിന്റെ വമ്പൻ വിജയം നേടിയ വിയ്യാറയൽ ഇരു പാദത്തിലുമായി 4-1 ന്റെ വ്യക്തമായ ഗോൾ വ്യത്യാസത്തിലാണ് ക്വാർട്ടറിന് ടിക്കറ്റ് എടുത്തത്.. വിയ്യാറയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.
ടൂറിൻ വേദിയായ രണ്ടാം പാദത്തിൽ 78 മിനിട്ടോളം ഗോൾ രഹിതമായിരുന്നു മത്സരം. എന്നാൽ തുടർന്ന് രണ്ട് പെനാൽറ്റിയിൽ നിന്നുൾപ്പെടെ മൂന്ന് ഗോൾ നേടി വിയ്യാറയൽ മത്സരം തങ്ങൾക്ക് അനുകൂലം ആക്കുകയായിരുന്നു.
പെനാൽറ്റിയിൽ നിന്ന് എഴുപത്തിയെട്ടാം മിനിട്ടിൽ ജെറാർഡ് മൊറേനൊ വിയ്യാ റയലിന്റെ ആദ്യ ഗോൾ നേടി. 85-ാം മിനിട്ടിൽ പാ ടോറ ലീഡുയർത്തി. തുടർന്ന് രണ്ടാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി ഗോളാക്കി അർനൗട്ട് ഡാൻജുമ വിയ്യാറയലിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
മറ്റൊരു പ്രീക്വാർട്ടറിൽ നിന്ന് പ്രതീക്ഷിച്ച പോലെ തന്നെ ലില്ലെയെ മറികടന്ന് നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും ക്വാർട്ടറിൽ എത്തി. ലില്ലെയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-1 ന്റെ വിജയം നേടിയ ചെൽസി ഇരുപാദങ്ങളിലുമായി 4-1 ന്റെ അധിപത്യം നേടിയാണ് അവസാന എട്ടിൽ ഇടം നേടിയത്. ആദ്യപാദത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി 2-0 ത്തിന്റെ വിജയം നേടിയിരുന്നു.
രണ്ടാം പാദത്തിൽ യിൽമസിലൂടെ ലില്ലെയാണ് മുന്നിലെത്തിയത്. എന്നാൽ ഒന്നാം പകുതിയുടെ അധിക സമയത്ത് പുലിസി ച്ചും 71ാം മിനിട്ടിൽ ആസ്പല്ലി ക്യൂട്ടയും നേടിയ ഗോളുകൾ ചെൽസിക്ക് വിജയം സമ്മാനിച്ചു.