
കോട്ടയം: കെ റെയിൽ കല്ലിടലിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. സ്ത്രീകൾ ഉൾപ്പടെ 23 പേരെ അറസ്‌റ്റ് ചെയ‌്തു. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചാണ് നീക്കിയത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണെന്ന് ആരോപിച്ച് മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ പ്രദേശവാസികളുടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. ഉദ്യോഗസ്ഥർക്കെതിരെയും കനത്ത പ്രതിഷേധമുണ്ടായി. മണ്ണെണ്ണ ഉയർത്തികാട്ടി കൂട്ട ആത്മഹത്യ ചെയ്യുമെന്ന് സമരക്കാർ ആക്രോശിച്ചു.
പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവയ്‌ക്കാതെ ഉദ്യോഗസ്ഥർ പൊലീസ് സുരക്ഷയിൽ കെ റെയിൽ സർവ്വേക്കല്ലിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരിയിൽ കെ റെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ‌്തു.
കോട്ടയം ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. യുഡിഎഫും ബിജെപിയും ശക്തമായ സാന്നിദ്ധ്യമായി കെ റെയിലിനെതിരെ സമരമുഖത്തുണ്ട്.