gun

തൊടുപുഴ: കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെയും തടസം പിടിക്കാനെത്തിയ മാതൃസഹോദരനെയും വെടിവച്ചുകൊന്നതിന്റെ ഞെട്ടൽ മാറുംമുമ്പ് ഇടുക്കിയിലും സമാനരീതിയിലുള്ള സംഭവം റിപ്പോർട്ടുചെയ്തു. പരസ്പരമുള്ള തർക്കത്തിനിടെ ജ്യേഷ്ഠനെ അനുജൻ വെടിവയ്ക്കുകായിരുന്നു. മാങ്കുളം കൂനമാക്കല്‍ സ്വദേശി സിബി ജോര്‍ജിനെയാണ് അനുജന്‍ സാന്റോ എയര്‍ഗണ്‍ കൊണ്ട് വെടിവച്ചത്. കഴുത്തിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സിബിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സാന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

കൂട്ടുകെട്ടിനെച്ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അനുജനായ സാന്റോയുടെ വീട്ടില്‍ സിബി എത്തിയപ്പോൾ അയാളുടെ ഉറ്റ സുഹൃത്തും അവിടെയുണ്ടായിരുന്നു. ഇയാളുമായുള്ള കൂട്ടുകെട്ട് നല്ലതല്ലെന്നും അവസാനിപ്പിക്കണമെന്നും സിബി അനുജനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. അയാളെ വീട്ടിൽ കയറ്റരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചില്ലെന്ന് കണ്ടതോടെ സഹോദരന്മാർ തമ്മിൽ വഴക്കായി. വഴക്കിനൊടുവിൽ സിബി തിരികെ പോയി. എന്നാൽ അല്പസമയം കഴിഞ്ഞ് പണിസാധനങ്ങൾ എടുക്കാനായി സിബി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവയ്പ്പുണ്ടായത്. മൂന്നുതവണയാണ് വെടിവച്ചത്.

കഴുത്തിൽ വെടിയേറ്റ് വീണ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തിൽ തറച്ചിരുന്ന വെടിയുണ്ടകൾ നീക്കംചെയ്തു. പരിക്ക് ഗുരുതരമാണെങ്കിലും സിബി അപകടനില തരണംചെയ്തിട്ടുണ്ട്.