breastfeeding

ലണ്ടൻ: ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിൽ ശാരീരികമായും മാനസികമായും വൈകാരികമായും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഘട്ടമാണ് ഒരു കുഞ്ഞിനെ പ്രസവിക്കുകയെന്നതും ആ കുഞ്ഞിന് മുലപ്പാൽ നൽകുകയെന്നതും. അമ്മയെയും കുഞ്ഞിനെയും സംബന്ധിച്ച് അവർ തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാവുന്നത് പ്രധാനമായും മുലപ്പാലിലൂടെയാണ്. വൈകാരികത മാത്രമല്ല കുഞ്ഞിന് ശരിയായ ആരോഗ്യവും പോഷണങ്ങളും അതോടൊപ്പം രോഗപ്രതിരോധത്തിനു വേണ്ട ആന്റീബോഡികൾ അടങ്ങിയിരിക്കുന്നതും മുലപ്പാലിലാണ്. അതിനാൽ തന്നെ മുലപ്പാലിന് വളരെ പ്രധാനമായൊരു പങ്ക് വഹിക്കാനുണ്ട്.

നമുക്കെല്ലാവർക്കും അറിയുന്ന പോലെ മുലപ്പാലിന്റെ നിറം വെള്ളയാണ്. പ്രസവശേഷം ആദ്യമുണ്ടാകുന്ന പാലിന്റെ നിറം ചെറിയ മഞ്ഞ കലർന്ന വെള്ളയാണ്. ഇത്തരത്തിലുളള നിറ വ്യത്യാസമല്ലാതെ മറ്റെന്തെങ്കിലും നിറം മുലപ്പാലിനുള്ളതായി നമ്മൾ കേട്ടിട്ടില്ല. എന്നാൽ നീല നിറത്തിലുള്ള തന്റെ മുലപ്പാൽ കണ്ട അമ്പരപ്പിലാണ് ഒരമ്മ. മൂന്നു കുട്ടികളുടെ അമ്മയും 23 കാരിയുമായ കരീന നതാലി വോർലിയാണ് സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ അമ്പരപ്പ് ലോകത്തെ അറിയിച്ചത് എന്നാൽ മുലപ്പാലിന്റെ നിറ വ്യത്യാസത്തിൽ അമ്പരക്കാനൊന്നുമില്ലെന്നാണ് ഡോക്ടർമാരുടെ വാദം. ഇത് സാധാരണയാണെന്നും മുലപ്പാൽ നീല നിറമല്ലാതെ ബീജ് (ഇളം മഞ്ഞ പോലെയുള്ള നിറം), പിങ്ക്, പച്ച നിറങ്ങളിലും കാണപ്പെടാറുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

അമ്മയുടെ മുലപ്പാലിൽ ഒട്ടനവധി ആന്റിബോഡികൾ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിനെ വിവധ തരം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും പോഷണങ്ങൾ നൽകുകയും ചെയ്യും. മുലപ്പാലിൽ കൊഴുപ്പിന്റെ സാന്നിധ്യം കൂടുതലാകുമ്പോഴാണ് സാധാരണയായി അത് നീല നിറമാകുന്നതെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. കുഞ്ഞ് വളരുന്നതനുസരിച്ച് മുലപ്പാലും മാറുമെന്നും അവർ പറയുന്നു. ജനിച്ചയുടനെ കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുകയും നീല നിറത്തിലുള്ളതുമായ ആദ്യത്തെ മുലപ്പാലാണ് ഫോർമിൽക്. അതിനു ശേഷം കുഞ്ഞിന് പോഷകങ്ങളും കൊഴുപ്പും നൽകുന്ന മുലപ്പാലിനെ ഹൈൻഡ് മിൽക് എന്നും വിളിക്കുന്നു. ഇതിന് ക്രീം നിറമാണ്. ശരീരത്തിന്റെ താപനില ഉയരുമ്പാൾ ശരീരത്തിന് പുറത്തു വരുന്നത് ഫോർമിൽക്കാണ്. ഇതിൽ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും.

സാധാരണ വെള്ള നിറത്തിനു പുറമേ നീല നിറത്തിലുള്ള മുലപ്പാൽ അത് കേടായതാണെന്ന് അർത്ഥമില്ലെന്നും ഡോക്ടർമാർ പറയുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ശരീരത്തിനനുസൃതമായാണ് മുലപ്പാലിന്റെ നിറം മാറുന്നത്. അമ്മയുടടെ ശരീരത്തിലെത്തുന്ന ആഹാരവുമായും മുലപ്പാലിന് ബന്ധമുണ്ട്. ഉദാഹരണത്തിന് അമ്മ ധാരാളം പച്ചക്കറികൾ കഴിക്കുകയാണെങ്കിൽ പാലിന്റെ നിറം പച്ചയായി മാറും. എന്നാൽ അമ്മ പഴങ്ങളും, ബെറികളും, ബീറ്ററൂട്ടുമൊക്കെ അധികമായി കഴിക്കുകയാണെങ്കിൽ മുലപ്പാൽ പിങ്ക് നിറമായി മാറും. ഇതെല്ലാം സാധാരണമാണ്. എന്നാൽ മുലപ്പാലിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് നല്ല ലക്ഷണമല്ല. ഇത് അണുബാധ മൂലമോ മുലക്കണ്ണുകൾ വ്രണപ്പെട്ടതുകൊണ്ടോ ആയിരിക്കാം. മേൽ പറഞ്ഞ നിറങ്ങളെല്ലാം സാധാരണയായി കാണുന്നതാണെങ്കിലും, ബ്രൗൺ, അല്ലെങ്കിൽ കടുത്ത ഓറഞ്ച് നിറം എന്നിവയാണ് മുലപ്പാലിന്റെ നിറമെങ്കിൽ അത് അമ്മയുടെ ശരീരത്തിലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാം. സ്തനങ്ങളിൽ വേദനയോ മുഴകളോ ഉണ്ടെങ്കിൽ എത്രയും വേഗം തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.