രുചിയുടെ 60 വർഷം പിന്നിട്ട് കോഴിക്കോട്ടെ ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കട. കോഴിക്കോട്ടുകാർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മിൽക്ക് സർബത്ത് രുചി സമ്മാനിച്ച ഭാസ്കരേട്ടനും അദ്ദേഹത്തിന്റെ ഷോപ്പും ഇന്നും നഗര മദ്ധ്യത്തിൽ സജീവമാണ്. മാനാഞ്ചിറയില്‍ സി എച്ച് ഫ്ലൈ ഓവറിനു താഴെ പാരഗണ്‍ ഹോട്ടലിന് എതിര്‍വശത്തായി തിരക്കു മാറാത്ത ഒരു ഓടുമേഞ്ഞ കടയുണ്ട്. അതാണ് ഭാസ്കരേട്ടന്റെ സ്വന്തം മിൽക്ക് സർബത്ത് കട.
ഒറ്റ നോട്ടത്തിൽ കാലപ്പഴക്കം കൊണ്ട് വീഴാറായി എന്ന് തോന്നുന്ന കടയാണെങ്കിലും അവിടെ ആൾക്കൂട്ടത്തിനു ഒരു കുറവും ഇല്ല. ഒരു പ്രത്യേക താളത്തിൽ സ്പെഷ്യൽ ചേരുവകൾ ചേർത്തുണ്ടാക്കുന്ന സർബത്ത് കുടിച്ചാൽ മനസും ശരീരവും ഒരു പോലെ തണുക്കും. മാത്രമല്ല ഭാസ്കരേട്ടന്റെ സർബത്ത് കട നമ്മളെ തൊണ്ണൂറുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യും. പൊളിഞ്ഞു വീഴാറായ ഓട് മേഞ്ഞ കടയും നിലക്കാത്ത ആകാശവാണിയിൽ നിന്നും വരുന്ന മധുര ഗാനങ്ങളും നമ്മളെ തിരക്ക് പിടിച്ച നഗരത്തിൽ കുറച്ചു നേരത്തേക്ക് കുളിർമ പകർന്നു തരും. ഇതൊക്കെ കൊണ്ട് തന്നെ കോഴിക്കോട്ടുകാർക്ക് നഗരത്തിന്റെ ഒച്ചപ്പാടിൽ നിന്നും കുളിർമയേകുന്ന ഒരു ആശ്വാസ കേന്ദ്രം കൂടിയാണ് ഈ മിൽക്ക് സർബത്ത് കട. സഹോദരങ്ങളായ ഭാസ്കരൻ, കുമാരൻ എന്നിവരാണ് മിൽക്ക് സർബത്ത് കടയ്ക്ക് തുടക്കം കുറിച്ചത്. മക്കളായ അനന്തൻ, മുരളി എന്നിവരാണ് കടയുടെ ഇപ്പോളത്തെ നടത്തിപ്പുകാർ.
