
ചണ്ഡീഗഡ്: അധികാരത്തിലേറിയ ഉടൻ പുതിയൊരു നിർണായക തീരുമാനവുമായി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാൻ പൗരന്മാർക്കായി ഒരു ഹെൽപ് ലൈൻ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പഞ്ചാബിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് ട്വിറ്ററിലൂടെ അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാർച്ച് 23നായിരിക്കും ഈ അഴിമതി വിരുദ്ധ ഹെൽപ് ലൈൻ ആരംഭിക്കുക. മാത്രമല്ല ഇത് തന്റെ സ്വകാര്യ വാട്സാപ്പ് നമ്പറായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. നിങ്ങളിൽ നിന്ന് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ, അവരുടെ വീഡിയോ ദൃശ്യമോ ഓഡിയോ ക്ലിപ്പോ റെക്കോഡ് ചെയ്ത് ഈ ഹെൽപ് ലൈൻ നമ്പരിൽ എനിക്ക് അയച്ചു തരിക. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പഞ്ചാബിൽ ഇനി അഴിമതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.