drdo-building

ബംഗളൂരു: നാൽപ്പത്തഞ്ച് ദിവസം കൊണ്ട് ഏഴ് നില കെട്ടിടം നിർമ്മിച്ച് റെക്കാഡിട്ട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കെട്ടിടം രാജ്യത്തിന് സമർപ്പിച്ചു. സാധാരണ നിലയിൽ ഇത്തരമൊരു കെട്ടിടം പണിയാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കെ ഡി.ആർ.ഡി.ഒ ഒരു അത്ഭുതമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കാളികളായ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഡി.ആർ.ഡി.ഒ ഫിഫ്ത്ത് ജനറേഷൻ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജിയാണ് കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചത്.

ഡ്വാൻസ്ഡ് മീഡിയം കോംപാക്ട് എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് പ്രവർത്തനങ്ങൾ ഈ കെട്ടിടത്തിൽ നടക്കും.

 ശിലാസ്ഥാപനം 2021 നവംബർ 22ന്

നിർമ്മാണത്തുടക്കം 2022 ഫെബ്രുവരി 1ന്

45 ദിവസത്തിൽ ഏഴ് നില കെട്ടിടം പൂർത്തിയായി.

 നിർമ്മാണചെലവ് 15,000 കോടി

ഡി.ആർ.ഡി.ഒ ഹൈബ്രിഡ് ടെക്നോളജി

പരമ്പരാഗതവും അത്യാധുനികവുമായ നിർമ്മാണരീതികൾ സംയോജിപ്പിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പ്രീ എൻജിനീയറിംഗ് രീതിയും പ്രീ കാസ്റ്റ് മെത്തഡോളജിയും ഉപയോഗിച്ചിട്ടുണ്ട്.കെട്ടിടത്തിന്റെ ഫ്രെയിമും തൂണുകളും അടിസ്ഥാന ഘടനയുമെല്ലാം സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ദേശീയ കെട്ടിട നിർമ്മാണ സ്റ്റാൻഡേർഡ് കോഡ് അനുസരിച്ച് എയർ കണ്ടിഷനിംഗ്, ഇലക്ട്രിക്, ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ കെട്ടിടത്തിലുണ്ട്. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് ഡിസൈൻ പരിശോധിച്ച് സാങ്കേതിക പിന്തുണ നൽകിയത്.