
തിരുവനന്തപുരം: കെറെയിലിന്റെ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അക്രമസമരങ്ങളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണമെന്നും, പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
മാടപ്പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർക്കെതിരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നൽകിയ ഉറപ്പിന്റെ ലംഘനമാണിത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിർക്കും.
പ്രതിഷേധിക്കുന്ന ആളുകളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു. കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്തിനു പദ്ധതി താങ്ങാനാകില്ല എന്ന തിരിച്ചറിവിന്റെ സമരമാണിത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ ഏറ്റെടുക്കും. ശനിയാഴ്ച മുതൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനകീയ സദസുകൾ ആരംഭിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
തെറ്റായ ഇടപെടലും പൊലീസിനെ ആക്രമിക്കലും ഉദ്യോഗസ്ഥരെ തടയലും സംഭവിക്കുന്നു. ഇത്തരം നടപടികളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണം. പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. അവരുടെ ഇടയിൽ തന്നെ ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.