
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് കേരള ബ്‌ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും യോഗ്യത നേടിയതോടെ മറ്റൊരു ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്. ഫൈനലിലേക്ക് യോഗ്യത നേടിയ രണ്ട് ടീമുകളുടെയും ഹോം കിറ്റിന്റെ നിറം മഞ്ഞയാണ്. അതിനാൽ തന്നെ ഏത് ടീമിനാകും തങ്ങളുടെ സ്വന്തം നിറം അണിഞ്ഞ് മത്സരത്തിന് ഇറങ്ങാൻ സാധിക്കുക എന്നതാണ് ചോദ്യം.
സാധാരണയായി ലീഗ് ഘട്ടങ്ങളിൽ ഇങ്ങനെയൊരു പ്രതിസന്ധി വരുമ്പോൾ ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് ഏത് ടീമാണോ, അവർക്കായിരിക്കും ഹോം കിറ്റ് അണിയാനുള്ള അവസരം ലഭിക്കുക. എന്നാൽ ഫൈനൽ മത്സരമായതിനാൽ തന്നെ ഹോം ഗ്രൗണ്ട് എന്നൊരു പരിഗണന ഇവിടെ ഉദിക്കുന്നില്ല. ഫറ്റോർഡയിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഐ എസ് എൽ നിയമം അനുസരിച്ച് പൊയിന്റ് പട്ടികയിൽ ഏറ്റവും കൂടുതൽ പൊയിന്റുകൾ സ്വന്തമാക്കിയ ടീമിനാണ് നോക്ക് ഔട്ട് ഘട്ടത്തിൽ ഹോം ജേഴ്സി ഇടാനുള്ള അവസരം ലഭിക്കുന്നത്. അതിനാൽ തന്നെ ഫൈനലിൽ ഹൈദരാബാദ് എഫ് സിയായിരിക്കും മഞ്ഞ ജേഴ്സി അണിയുക. ബ്ളാസ്റ്റേഴ്സ് കറുപ്പിൽ നീല വരകളുള്ള തങ്ങളുടെ എവേ ജേഴ്സി അണിയാനാണ് സാദ്ധ്യത. പൊയിന്റ് പട്ടികയിൽ ജംഷഡ്പൂർ എഫ് സിക്ക് പിന്നിലായി 38 പൊയിന്റോടെ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്. 34 പൊയിന്റോടെ നാലാം സ്ഥാനത്തായിരുന്നു ബ്‌ളാസ്റ്റേഴ്സ്.