
കൊളംബോ: അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി ശ്രീലങ്കൻ ജനത തെരുവിലിറങ്ങി. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ കൊളംബോയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന വൻ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.
 പ്രശ്നമായത് പരിഹാരം
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. പെട്രോളിനും ഡീസലിനും മാത്രം 40 ശതമാനം വില വർദ്ധിച്ചു. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. വൻ സാമ്പത്തികപ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക. വിദേശനാണ്യം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി നിലച്ചു.
പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. കാറുകൾ, ഫ്ലോർ ടൈലുകൾ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാൻ വേണ്ടിയാണ് ആദ്യം ആഢംബരവസ്തുക്കളുടെയും പിന്നീട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചത്. ഇതോടെ, രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമത്തിന് അരികിൽ എത്തിയിരിക്കുകയാണ്.
 അനുപാതമില്ലാതെ കയറ്റുമതിയും ഇറക്കുമതിയും
കുറച്ച് വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കൊവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്നു. ഏഴ് ലക്ഷം കോടി ഡോളറോളം വിദേശകടവും രാജ്യത്തെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.
2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർദ്ധിച്ചു. കൊവിഡ് മൂലം ടൂറിസം തകർന്നതോടെ ആ വഴിയുള്ള വരുമാനവും നിലച്ചു.
 യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധി
 അരി കിലോയ്ക്ക് 448 ശ്രീലങ്കൻ രൂപ ( 128 ഇന്ത്യൻ രൂപ)
 ഒരു ലിറ്റർ പാലിന് 263ശ്രീലങ്കൻ രൂപ ( (75 ഇന്ത്യൻ രൂപ)
 പെട്രോൾ ലിറ്ററിന് - 283 ശ്രീലങ്കൻ രൂപ ( 81.16 ഇന്ത്യൻ രൂപ)
 ഡീസൽ ലിറ്ററിന് - 176 ശ്രീലങ്കൻ രൂപ ( 50.48 ഇന്ത്യൻ രൂപ)
 1 ശ്രീലങ്കൻ രൂപ = 29 ഇന്ത്യൻ പൈസ