chopra

ന്യൂഡൽഹി: പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ നടത്തിപ്പിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പിന്നീട് ഐ പി എല്ലിൽ കളിക്കാൻ ആരും തയ്യാറാകില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയ്ക്ക് ഉത്തരവുമായി മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. പാകിസ്ഥാൻ സൂപ്പർ ലീഗ് നിലവിലെ ഡ്രാഫ്‌റ്റ് സിസ്റ്റത്തിൽ നിന്ന് ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രം ഐ പി എല്ലിന്റെ നിലവാരം കൈവരിക്കാൻ പി എസ് എല്ലിന് സാധിക്കില്ലെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ കണക്കുകൾ നിരത്തിയാണ് മുൻ ഇന്ത്യൻ താരം തന്റെ വാദങ്ങളെ സമർത്ഥിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഐ പി എല്ലിൽ ക്രിസ് മോറിസിന് ലഭിച്ച തുകയും അദ്ദേഹം കളിച്ച പന്തുകളും തമ്മിലുള്ള ശരാശരി നോക്കിയാൽ പോലും മറ്റ് ലീഗുകളിലെ കളിക്കാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതലായിരിക്കും എന്ന് ചോപ്ര പറ‌ഞ്ഞു. കളിക്കാരെ തിരഞ്ഞെടുക്കുന്നത് ലേലം വഴിയാക്കിയാൽ പോലും അത്രയേറെ തുക പാകിസ്ഥാൻ ക്രിക്കറ്റിൽ നിക്ഷേപിക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന് സംശയമാണെന്ന് ചോപ്ര തന്റെ യൂട്യൂബ് വീഡിയോയിൽ വ്യക്തമാക്കുന്നു.

ഐ പി എൽ ഇത്രയേറെ വിജയകരമാകാൻ കാരണം ക്രിക്കറ്റ് കളി കാണുന്നതിന് വേണ്ടി എത്ര പണം മുടക്കാനും മടിയില്ലാത്ത ഇന്ത്യയിലെ ജനങ്ങളാണെന്നും അത്തരമൊരു ആരാധകവൃന്ദമാണ് ഇന്ത്യയുടെ കരുത്തെന്നും ആകാശ് ചോപ്ര പറയുന്നു. അത് മറ്റൊരു രാജ്യത്തിനും അത്ര പെട്ടെന്ന് സ്വന്തമാക്കാൻ സാധിക്കില്ലെന്നും ചോപ്ര വ്യക്തമാക്കി.

ആദ്യ ഘട്ടമായി ഐ പി എല്ലിലെ പോലെ കളിക്കാരെ ലേലം വിളിക്കാനാണ് പി സി ബി ഉദ്ദേശിക്കുന്നത്. പി എസ് എല്ലിൽ നിലവിൽ കളിക്കാരെ ടീമുകൾ തിരഞ്ഞെടുക്കുന്നത് ഡ്രാഫ്‌റ്റ് സംവിധാനം വഴിയാണ്. അത് ഒഴിവാക്കി കളിക്കാരെ ഇന്ത്യയിലേത് പോലെ ലേലം വിളിച്ചാൽ വരുമാനം വർദ്ധിക്കുമെന്നാണ് റമീസ് രാജയുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം ടീമുകൾക്ക് ഓരോ സീസണിലും ചെലവഴിക്കാനുള്ള തുക ഉയർത്താനും പദ്ധതിയുണ്ട്. ഈ മാറ്റങ്ങളെല്ലാം വരുത്തി കഴിഞ്ഞാൽ പാകിസ്ഥാൻ സൂപ്പർ ലീഗ് ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി മാറുമെന്നും അതിനു ശേഷം ഇന്ത്യയിൽ കളിക്കാൻ ആരും താത്പര്യം കാണിക്കില്ലെന്നും റമീസ് രാജ പറ‌ഞ്ഞിരുന്നു.