 
തിരുവനന്തപുരം :നാടിന്റെ പ്രശ്നങ്ങൾ മനസിലാക്കി അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായി ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയാവാൻ മാദ്ധ്യമങ്ങൾക്ക് കഴിയണമെന്നും അതിനുള്ള ആർജ്ജവവും മനോധൈര്യവും മാദ്ധ്യമപ്രവർത്തകർ കാട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാരിന്റെ മാദ്ധ്യമ അവാർഡുകൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സത്യാന്വേഷണമാണ് മാദ്ധ്യമ പ്രവർത്തനത്തിന്റെ കാതൽ. കണ്ണും കാതും സദാ തുറന്നുവച്ച് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതാവണം മാദ്ധ്യമ പ്രവർത്തനം. ലോകത്തിന് മാതൃകയായി നാടിനെ പുതുക്കിപ്പണിത് നവകേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ദീർഘവീക്ഷണത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ വിവാദങ്ങളിലൂടെ തടയുന്നത് നല്ലതല്ല. തെറ്റുകൾ ആര് ചൂണ്ടിക്കാട്ടിയാലും തിരുത്താനുള്ള തുറന്ന മനസ് സർക്കാരിനുണ്ട്. വരും തമുറയ്‌ക്ക് വേണ്ടിയുള്ള ദീർഘകാല പദ്ധതികൾ നമുക്ക് വേണം. മാദ്ധ്യമങ്ങൾ അതിന് ചാലകശക്തിയാവണം. ജാതി, മത ഭേദമില്ലാതെ
എല്ലാവരും സോദരത്വേന വാഴുന്ന നാടാണിതെന്ന് ഉറപ്പിക്കാനുള്ള പ്രവർത്തനമാകണം മാദ്ധ്യമ പ്രവർത്തകരുടേത്. പക്ഷപാതത്തോടെ വാർത്തകൾ ചമയ്ക്കുന്ന രീതിയുണ്ട്. നല്ലകാര്യങ്ങൾ മറച്ചുവച്ച് അനാവശ്യ വിവാദങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതി. ആരോഗ്യകരമായ സംവാദങ്ങളിലല്ല,വിവാദങ്ങളിലാണ് ചിലർക്ക് താല്പര്യം. ശരികളെ അവഗണിച്ച് ഇല്ലാത്ത കുറ്റം കണ്ടുപിടിക്കലാണ് മാദ്ധ്യമ ധർമ്മം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. എൽ.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ഇത് ശക്തമാകുന്നു. ഇത് ഭൂഷണമാണോ എന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി.
അന്തരിച്ച കേരളകൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ് .മണിക്ക് വേണ്ടി ഭാര്യ ഡോ.കസ്തൂരിഭായി, മകൻ സുകുമാരൻ മണി എന്നിവർ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച ടി.വി.അഭിമുഖത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് .രാജേഷ്, ജനറൽ റിപ്പോർട്ടിംഗിന് കേരളകൗമുദി മുൻ കൊല്ലം ബ്യൂറോ ചീഫ് സി.വിമൽ കുമാർ, കാർട്ടൂണിന് കേരളകൗമുദിയിലെ ടി.കെ.സുജിത്ത് എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
പുരസ്‌കാര ജേതാക്കളെക്കുറിച്ചുള്ള ബുക്ക്ലെറ്റ് മന്ത്രി വി.ശിവൻകുട്ടി മന്ത്രി ജി.ആർ.അനിലിന് നൽകി പ്രകാശനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് .ബാബു, കെ.യു.ഡബ്ലിയു.ജെ. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുരേഷ് കുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ എസ് . ഹരികിഷോർ എന്നിവർ സംസാരിച്ചു.