sharapova-schumacher

ന്യൂഡൽഹി: അന്താരാഷ്ട്ര കായികതാരങ്ങളായ മരിയ ഷറപ്പോവയും മൈക്കൽ ഷൂമാക്കറും ചേ‌ർന്ന് വസ്തുകച്ചവടത്തിനെന്ന പേരിൽ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ഡൽഹി സ്വദേശിനി. ന്യൂഡൽഹിയിലെ ചത്തർപൂർ മിനി ഫാം ഏരിയയിൽ താമസിക്കുന്ന ഷെഫാലി അഗർവാൾ എന്ന സ്ത്രീയാണ് റഷ്യൻ ടെന്നിസ് താരമായ മരിയ ഷറപ്പോവയ്ക്കും ജർമനിയുടെ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർക്കുമെതിരെ ഹരിയാനയിലെ ബദ്ഷാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച പൊലീസ് ഐ പി സി 34, 120 ബി, 406, 420 എന്നീ വകുപ്പുകൾ പ്രകാരം വഞ്ചനാ കുറ്റത്തിന് ഷറപ്പോവയ്ക്കും ഷൂമാക്കറിനുമെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് 11 പേരും കേസിൽ പ്രതികളാണ്.

പരാതിയിൽ പറയുന്നതനുസരിച്ച് റിയൽടെക്ക് ഡെവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം വഴി ഒരു അപാർട്ട്മെന്റ് അഡ്വാൻസ് ബുക്കിംഗ് ചെയ്തിരുന്നെന്നും ഷറപ്പോവയും ഷൂമാക്കറും ഈ കമ്പനിയുടെ പ്രചാരകരായി പ്രവർത്തിച്ചിരുന്നെന്നും പറയുന്നു. 2016ൽ നി‌ർമാണം പൂർത്തിയാക്കി ഫ്ലാറ്റ് കൈമാറാമെന്നായിരുന്നു കരാറെങ്കിലും പ്രോജക്ടിന്റെ നിർമാണം പോലും ആരംഭിച്ചിരുന്നില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു.

പ്രോജക്ടിന്റെ പ്രചരണാർത്ഥം ഷറപ്പോവ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചിരുന്നെന്നും താരങ്ങൾക്ക് പ്രോജക്ടുമായുള്ള ബന്ധം കമ്പനിയിലുള്ള വിശ്വാസം ഉയർത്താൻ കാരണമായെന്നും പരാതിയിൽ പറയുന്നു. കരാർ ഒപ്പിട്ടതെന്നാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പരാതിയിൽ ഇല്ലെങ്കിലും 2013ൽ നടന്ന ഒരു അപകടത്തെ തുടർന്ന് ഷൂമാക്കർ അബോധാവസ്ഥയിൽ കഴിയുകയാണ്. പൊതുവേദികളിലൊന്നും ഷൂമാക്കർ അതിന് ശേഷം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ 2011ലും 2012ലും ഇന്ത്യയിൽ വച്ച് നടന്ന ഫോർമുല വണ്ണിൽ മത്സരിക്കുന്നതിന് വേണ്ടി ഷൂമാക്ക‌ർ ഇന്ത്യയിൽ എത്തിയിരുന്നു.