
ന്യൂഡൽഹി : പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും യോഗം ചേർന്ന് ജി23 നേതാക്കൾ. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ കപിൽ സിബൽ, ഭൂപീന്ദർ ഹൂഡ, ജനാർദ്ധൻ ദ്വിവേദി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇന്നലെയും ജി23 നേതാക്കൾ യോഗം ചേർന്നിരുന്നു. തുടർന്ന് യോഗത്തിന്റെ തീരുമാനങ്ങൾ ഗുലാംനബി ആസാദ് ഇന്ന് സോണിയാ ഗാന്ധിയെ ഫോണിൽ വിളിച്ച് അറിയിച്ചു. . കൂടാതെ ഭൂപീന്ദർ ഹൂഡയും ഇന്ന് കാലത്ത് രാഹുൽഗാന്ധിയുമായി ഹൂഡ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അവലോകന യോഗമാണ് നടക്കുകയെന്നാണ് സൂചന.
ഇന്നലെ ചേർന്ന യോഗത്തിൽ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാൻ, പി.ജെ കുര്യൻ, മണിശങ്കർ അയ്യർ, ശശി തരൂർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്. കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.