
മുംബയ്: കാശ്മീർ പണ്ഡിറ്റുകളുടെ കഥ പറയുന്ന കാശ്മീർ ഫയൽ തന്റെ തന്നെ ജീവിതകഥയാണെന്ന് ബോളിവുഡ് താരവും കാശ്മീർ പണ്ഡിറ്റുമായ സന്ദീപാ ധർ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം കാശ്മീരിൽ ഉണ്ടായിരുന്ന തങ്ങളുടെ പഴയ വീടിന്റെയും തെരുവിന്റെയും ചിത്രങ്ങൾ പങ്കുവച്ചു. 1990കളിൽ കാശ്മീരിൽ നിന്ന് ഒരു ട്രക്കിൽ കുടുംബസമേതം തങ്ങൾ ഒളിച്ചോടുകയായിരുന്നു തന്റെ ഒരു സഹോദരി തീവ്രവാദികൾ കാണാതിരിക്കുന്നതിന് വേണ്ടി പിതാവിന്റെ കാലുകൾക്ക് പിന്നിൽ ഒളിച്ചിരുന്നത് ഇപ്പോഴും ഓർമയിൽ നിൽക്കുന്നെന്നും താരം കുറിച്ചു.
എല്ലാ കാശ്മീർ പണ്ഡിറ്റുകളും തങ്ങളുടെ സ്ത്രീകളെ ഉപേക്ഷിച്ച് താഴ്‌വരയിൽ നിന്ന് പാലായനം ചെയ്യണമെന്നായിരുന്നു നിർദ്ദേശമെന്നും എന്നാൽ തന്റെ പിതാവ് തങ്ങളെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്നും സന്ദീപാ കുറിച്ചു. തന്റെ മുത്തശ്ശി കാശ്മീരിലുള്ള സ്വന്തം വീട് അവസാനമായി ഒന്ന് കാണണമെന്ന ആഗ്രഹം പോലും സഫലമാക്കാതെയാണ് മരണമടഞ്ഞതെന്നും തന്നെപോലുള്ള നിരവധി കാശ്മീർ പണ്ഡിറ്റുകളുടെ കഥ പുറംലോകത്തിന് മുന്നിൽ എത്തിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് നന്ദി പറയുന്നതായും സന്ദീപാ കുറിച്ചു.