
പനാജി: ഐ എസ് എല്ലിൽ കേരള ബ്‌ളാസ്റ്റേഴ്സ് ഫൈനൽ പ്രവേശനം ഉറപ്പാക്കിയതിന് പിന്നാലെ ടിക്കറ്റിന് വേണ്ടിയുള്ല നെട്ടോട്ടത്തിലായിരുന്നു ആരാധകർ. ആദ്യഘട്ടത്തിൽ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഐ എസ് എൽ അധികൃതർ വില്പനയ്ക്ക് വച്ചിരുന്നത്. അതിനാൽ തന്നെ ടിക്കറ്റുകളുടെ ലഭ്യത പരിമിതമായിരുന്നു. എന്നാൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഐ എസ് എൽ അധികൃതർ. നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റ് വില്പന ആരംഭിക്കുമെന്നാണ് ഐ എസ് എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
ബുക്ക് മൈ ഷോ ആപ്പിലൂടെ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. 150 രൂപയായിരുന്നു ആദ്യ ഘട്ടത്തിലെ ടിക്കറ്റുകളുടെ വില. കൊവിഡ് മഹാമാരിയെതുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കാണികളില്ലാതെയായിരുന്നു ഐ എസ് എൽ മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഫൈനലിന് കാണികളെ പ്രവേശിപ്പിക്കാൻ അധികൃതർ അനുവദിച്ചതിനെ തുടർന്നാണ് ടിക്കറ്റ് വില്പന ആരംഭിക്കുന്നത്.
കേരളാ ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും തമ്മിലാണ് ഐ എസ് എല്ലിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഞായറാഴ്ചയാണ് ഫൈനൽ. ഇത് മൂന്നാം തവണയാണ് കേരള ബ്ളാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ ഫൈനലിൽ എത്തുന്നത്.