uber

മാഞ്ചസ്റ്റർ: മദ്യലഹരിയിൽ യുക്രെയിനിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് യൂബർ ടാക്സി വിളിച്ച് 34കാരി. ഇംഗ്ളണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ സ്വദേശിയും രണ്ട് മക്കളുടെ അമ്മയുമായ ലിയോണി ഫിൽഡെസ് ആണ് 4500 യൂറോ (മൂന്ന് ലക്ഷം രൂപ) മുടക്കി യൂബർ ടാക്സി വിളിച്ചത്. ലിയോണി തന്നെയാണ് സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്.

ലിയോണി പറയുന്നതനുസരിച്ച് ഒരു കൂട്ടുകാരിയുടെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ സാമാന്യം നല്ല രീതിയിൽ തന്നെ മദ്യപിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ ലിയോണിയും സുഹൃത്തുക്കളും യുക്രെയിൻ വിഷയത്തെകുറിച്ചും സംസാരിച്ചു തുടങ്ങി. അവിടെ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥയായ ലിയോണി ഉടൻ തന്നെ ഫോൺ എടുത്ത് മാഞ്ചസ്റ്ററിൽ നിന്ന് യുക്രെയിനിലെ കീവിലേക്ക് യൂബർ ടാക്സി ബുക്ക ചെയ്തു. യുക്രെയിനിലെ യുദ്ധത്തിൽപ്പെട്ട് നരകിക്കുന്ന ജനങ്ങളെ രക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ലിയോണി പറഞ്ഞു. 4500 യൂറോ ആയിരുന്നു ടാക്സി ചാർജ്. താൻ അത് മദ്യലഹരിയിൽ അടയ്ക്കുകയും ചെയ്തതായി ലിയോണി പറയുന്നു.

എന്നാൽ ലിയോണിയുടെ ഭാഗ്യത്തിന് ബാങ്ക് അക്കൗണ്ടിൽ അത്രയേറെ തുക ആ സമയത്ത് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ പണമില്ലാത്തതിനാൽ ആ റൈഡ് ക്യാൻസൽ ആകുകയും ചെയ്തു. പിറ്റേന്ന് കാലത്ത് ബാങ്കിൽ നിന്ന് വിളി വന്നപ്പോൾ മാത്രമാണ് തലേന്ന് രാത്രി താൻ കാണിച്ച മണ്ടത്തരത്തെ കുറിച്ച് ലിയോണിക്ക് കുറച്ചെങ്കിലും ബോധം വന്നത്.