
കോട്ടയം∙ ചങ്ങനാശേരി: മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ലിടാനെത്തിയ സിൽവർലൈൻ സംഘത്തിനു നേരെ നാട്ടുകാർ വൻ പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ പൊലീസ് കർക്കശമായി നേരിട്ടതോടെ സത്രീകളടക്കമുള്ളവർ മണ്ണെണ്ണ കുപ്പികൾ ഉയർത്തി ആത്മഹത്യാ ഭീഷണി മുഴക്കി. അറസ്റ്റ് ചെയ്ത സമരക്കാരെ വിടണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലും യു.ഡി.എഫ്, ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം സമരം നടത്തി.
പ്രതിഷേധിക്കുന്നതിനിടെ അമ്മയെ പൊലീസ് പിടിച്ചുകൊണ്ടുപോയതിനാൽ പൊട്ടിക്കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സമരസ്ഥലത്തെ സങ്കടക്കാഴ്ചയായി. അമ്മയെ പൊലീസ് വലിച്ചിഴയ്ക്കുന്നത് നോക്കിയായിരുന്നു കുഞ്ഞിന്റെ കരച്ചില്. അമ്മയെ ഇന്നു തന്നെ കൊണ്ടുവരണമെന്നും കരയുന്നതിനിടെ കുഞ്ഞ് ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കല്ലുമായെത്തിയ സിൽവർ ലൈൻ സംഘത്തെ തടഞ്ഞ് നാട്ടുകാർ മനുഷ്യചങ്ങല തീർത്തു പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. കല്ലുമായെത്തിയെ വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചതോടെ കുട്ടികളുടെ മുന്നിലിട്ട് പൊലീസ് മാതാപിതാക്കളെ കൈയേറ്റം ചെയ്തു. പേടിച്ചരണ്ട കുട്ടികൾ വാവിട്ട് കരഞ്ഞു. ഇതോടെ മണ്ണെണ്ണ കുപ്പികൾ ഉയർത്തി സ്ത്രീകൾ ആത്മഹത്യ ഭീഷണി മുഴക്കി. സ്ത്രീകളെയടക്കം വലിച്ചിഴച്ചു നീക്കി പൊലീസ് ഇവരെ നേരിട്ടു. ഇതോടെ കൂടുതൽ നാട്ടുകാർ പൊലീസിനുമുന്നിൽ നിലയുറപ്പിച്ചു. കേരള കോൺഗ്രസ് നേതാക്കളായ വി.ജെ ലാലി, ജോസഫ് എം പുതുശേരി എന്നിവരും നാലു സ്ത്രീകളും അടക്കം 23പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷം കല്ലുകളിട്ടു.
അറസ്റ്റു ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്, ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണ മേനോൻ തുടങ്ങിയവരുടെ നേത്വത്വത്തിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻ സമരക്കാരെയും വിട്ടയച്ചു.