
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ തർക്കം തുടരുന്നു. സ്ഥാനാർത്ഥി ആരാകണം എന്നതിൽ സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടുമായി ഇന്നും ചർച്ച തുടരും. പല പേരുകളാണ് ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്.എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ കഴിഞ്ഞദിവസം ചർച്ചകൾ നടത്തിയെങ്കിലും ഇതിലൊന്നും ധാരണയായിരുന്നില്ല.
എം ലിജുവിനെ ഒപ്പംകൂട്ടിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ രാഹുൽഗാന്ധിയെ കാണാനെത്തിയത്. വാർത്ത പുറത്തുവന്ന് അല്പം കഴിഞ്ഞതോടെ ലിജുവിനെതിരെ കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ തന്നെ രംഗത്തെത്തി. അടുത്തകാലത്ത് തിരഞ്ഞെടുപ്പിൽ തോറ്റ ആരെയും സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാലും എ ഗ്രൂപ്പും രംഗത്തുവരികയും ചെയ്തു. സംസ്ഥാനത്തെ മുതിർന്ന നേതാവായ കെ.മുരളീധരനും ഇതേ നിലപാടായിരുന്നു.
അതിനിടെ ഹൈക്കമാൻഡ് നോമിനിയായി തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ മത്സരിപ്പിക്കാൻ ദേശീയതലത്തിൽ സമ്മർദമുണ്ടായി. ഇതിനെതിരെ സംസ്ഥാനത്ത് എതിർപ്പ് ശക്തമായതോടെ അക്കാര്യത്തിലും തീരുമാനമായില്ല.
അതേസമയം, എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർത്ഥികളായ സി പി എം പ്രതിനിധി എ.എ.റഹീം, സി പി ഐ പ്രതിനിധി പി. സന്തോഷ്‌കുമാർ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക.