
കോട്ടയം: മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലുള്ള ഹർത്താൽ പൂർണം. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. യുഡിഎഫ്, ബിജെപി, എസ്യുസിഐ തുടങ്ങിയ സംഘടകൾ ഹർത്താലിന് പിന്തുണ നൽകുന്നുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചിട്ടുണ്ട്.
ഇന്നലെ മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ലിടാനെത്തിയ സിൽവർലൈൻ സംഘത്തിനു നേരെ നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർത്തിയത്.  രാവിലെ 11 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.കല്ലുമായെത്തിയ സിൽവർ ലൈൻ സംഘത്തെ തടഞ്ഞ് നാട്ടുകാർ മനുഷ്യചങ്ങല തീർത്തു പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. കല്ലുമായെത്തിയെ വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചതോടെ കുട്ടികളുടെ മുന്നിലിട്ട് പൊലീസ് മാതാപിതാക്കളെ കൈയേറ്റം ചെയ്തു. പേടിച്ചരണ്ട കുട്ടികൾ വാവിട്ട് കരഞ്ഞു. ഇതോടെ മണ്ണെണ്ണ കുപ്പികൾ ഉയർത്തി സ്ത്രീകൾ ആത്മഹത്യ ഭീഷണി മുഴക്കി. സ്ത്രീകളെയടക്കം വലിച്ചിഴച്ചു നീക്കി പൊലീസ് ഇവരെ നേരിട്ടു. ഇതോടെ കൂടുതൽ നാട്ടുകാർ പൊലീസിനുമുന്നിൽ നിലയുറപ്പിച്ചു. കേരള കോൺഗ്രസ് നേതാക്കളായ വി.ജെ ലാലി, ജോസഫ് എം പുതുശേരി എന്നിവരും നാലു സ്ത്രീകളും അടക്കം 23പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷം കല്ലുകളിട്ടു.
അറസ്റ്റു ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്, ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണ മേനോൻ തുടങ്ങിയവരുടെ നേത്വത്വത്തിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻ സമരക്കാരെയും വിട്ടയച്ചു.