
പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ദിവസങ്ങളായി ഭീതി പടർത്തിയ പുലി ഒടുവിൽ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലർച്ചെയോടെ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലിറങ്ങിയ പുലി കോഴിയെ പിടിച്ച വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടുവളപ്പിലാണ് കൂട് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞദിവസം മാണിയുടെ വീട്ടിൽ നിന്ന് കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പുലി പരിസരത്തുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് കൂട് സ്ഥാപിച്ചത്. കൂട്ടിലായ പുലിയെ ധോനിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. കൂട് മാറ്റുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി പരിക്കേൽപ്പിച്ചു . ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
പുലിയെ വിശദമായി പരിശോധിച്ചശേഷം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടാൽ വനത്തിൽ തുറന്നുവിടും. പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടാണ് അധികൃതരുടെ ആലോചന. പ്രാഥമിക പരിശോധനയിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.