
പോത്തൻകോട്: നിർദ്ധിഷ്ട കെ. റെയിൽ പദ്ധതിക്കെതിരെ ഇന്നലെയും പ്രതിഷേധം രൂക്ഷമായി. കണിയാപുരം കരിച്ചാറയിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ സഹായത്തോടെ കെ. റെയിൽ ഉദ്യോഗസ്ഥർ അടച്ചിട്ട വീടുകളിലെ മതിൽ ചാടിക്കടന്ന് സ്ഥാപിച്ച അതിര് തിരിച്ചുള്ള സർവേ കല്ലുകൾ ഇന്നലെ സംഘടിച്ചെത്തിയ നാട്ടുകാർ പരസ്യമായി പിഴുതെറിഞ്ഞു.
ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിച്ചാറ ചെറു കായൽക്കര ദുർഗാ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച സർവേ കല്ലുകളാണ് പിഴുതെറിഞ്ഞത്.
ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ, കോൺഗ്രസ് പ്രവർത്തകരായ ഭുവനേന്ദ്രൻ നായർ, ജാബു, ഫാറൂഖ്, നിജാദ്, നബീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മംഗലപുരം പൊലീസ് പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റു ചെയ്ത് നീക്കി. അതിനിടെ പ്രതിഷേധത്തിനിടെയിലും വെയിലൂർ വില്ലേജിലെ കല്ലിടൽ പൂർത്തിയായി. പള്ളിപ്പുറം വില്ലേജിലെ കല്ലിടൽ ആരംഭിച്ചു.