
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ മരുന്നിന് ക്ഷാമമെന്ന പരാതിയെ തുടർന്ന് മന്ത്രി വീണാ ജോർജ് കുറിപ്പടിയുമായി കാരുണ്യ ഫാർമസിയിലെത്തി പരിശോധന നടത്തി. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് സന്ദർശനത്തിനിടെയാണ് മന്ത്രി ഫാർമസിയിലെത്തിയത്. രോഗിയായ പദ്മാവതിയുടെ ഭർത്താവാണ് ഇതേക്കുറിച്ച് മന്ത്രിയോട് പരാതി പറഞ്ഞത്. തുടർന്ന് പുറത്തുനിന്ന മന്ത്രി ഒരാളെ ഫാർമസിയിലേക്ക് അയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് ജീവനക്കാരി ദേഷ്യപ്പെട്ടതോടെ മന്ത്രി നേരിട്ടെത്തി അതേക്കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. എന്തുകൊണ്ട് മരുന്നില്ലെന്ന ചോദ്യത്തിന് മറുപടി നൽകാനാവാതെ ജീവനക്കാർ പതറി നിൽക്കുന്നതിനിടെ ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് മന്ത്രി തന്നെ പരിശോധിച്ചു. അപ്പോഴാണ് ജീവനക്കാർക്ക് ആളെ മനസിലായത്.
ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളുടെ ലിസ്‌റ്റെടുത്ത മന്ത്രി ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദേശിച്ചു. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കെ.എം.എസ്.സി.എല്ലിന് മന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഒന്നര മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ട മന്ത്രി അത്യാഹിത വിഭാഗത്തിലെത്തി വിവിധ എമർജൻസി വിഭാഗങ്ങൾ പരിശോധിച്ചു. ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു. സീനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു. അത്യാഹിത വിഭാഗം നന്നായി പ്രവർത്തിക്കുന്നതിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.