ola-s1-pro

ബംഗളൂരു: പ്രശസ്ത ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒലയുടെ ഏറ്റവും മികച്ച മോഡലായ എസ് 1 പ്രോ സ്‌കൂട്ടറിന് വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനി. അടുത്ത സ്റ്റോക്കിന്റെ ബുക്കിംഗ് ആരംഭിക്കുന്ന സമയം (പർച്ചേസ് വിൻഡോ) മുതലാണ് പുതിയ വില നിലവിൽ വരുന്നത്. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 18 ന് ശേഷമായിരിക്കും അടുത്ത പർച്ചേസ് വിൻഡോ ആരംഭിക്കുന്നത്. നിലവിൽ എസ്1 പ്രോയുടെ വില 1,29,999 രൂപയാണ്. ഈ വിലയ്ക്ക് സ്‌കൂട്ടർ ഇന്നു കൂടി മാത്രമേ ലഭ്യമാവുകയുള്ളു. ഒലയുടെ സ്‌കൂട്ടറുകളിൽ വെച്ച് ഏറ്റവും ആവശ്യക്കാരുള്ളതും എസ് 1 പ്രോയ്ക്കാണ്. അതിനാൽ തന്നെ ഇതിന്റെ ഉത്പാദനവും വിതരണവും കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്.

എസ്1 പ്രോ വാങ്ങിയവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ സ്‌കൂട്ടറിന്റെ വില ഉയർത്തിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിലെ പർച്ചേസ് വിൻഡോ ഇന്ന് അർധ രാത്രിയോടെ അവസാനിക്കും. ഒല എസ്1 പ്രോയുടെ സ്‌പെഷ്യൽ എഡിഷൻ കളറായ ജെറുവ ഇനി പുതിയ ഗ്ലോസി ഫിനിഷിലായിരിക്കും എത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഹോളി ആഘോഷ ദിവസങ്ങളായ മാർച്ച് 17, 18 തീയതികളിൽ മാത്രമേ ഈ നിറം ലഭ്യമാവുകയുമുള്ളു. സ്കൂട്ടർ വാങ്ങുന്നതിനുള്ള പണമിടപാട് പൂർണമായും ഡിജിറ്റലായിട്ടായിരിക്കും നടത്തുക. അതും ഒലയുടെ ആപ്പിലൂടെ മാത്രമേ പേമെന്റ് നടക്കുകയുമുള്ളു.