koovalam-

വൈക്കം : വൈക്കത്തപ്പന് 'കേശാദിപാദം' ചാർത്താൻ ഒരുമുഴം ഉണങ്ങിയ കൂവളമാല. വില 200 രൂപ വരെ. വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാടുകളുടെ പേരിൽ ഭക്തരെ പിഴിയുന്നത് സമൂഹമാദ്ധ്യമങ്ങളിലും നിറയുന്നു.

കഴിഞ്ഞദിവസം ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ നിന്ന് ദർശനത്തിയ ഒരാൾ കേശാദിപാദം ചാർത്താനുള്ള കൂവളമാല വാങ്ങി. മാല പുറത്ത് കാണാനാവാത്തവിധം വലിയ വാഴയിലയിൽ പൊതിഞ്ഞ് കെട്ടിയാണ് കൗണ്ടറിൽ നിരത്തി വച്ചിരിക്കുന്നത്. മാല ഇലപ്പൊതിയായി വാങ്ങി നേരെ ക്ഷേത്രത്തിനകത്ത് കൊണ്ടുപോയി കൊടുക്കുകയാണ് സാധാരണ ഭക്തർ ചെയ്യുക.

ഇലപ്പൊതിക്കകത്തുള്ള മാല ഒരുതരത്തിലും കാണാനാവാത്തവിധം പൊതി മുഴുവൻ നൂലുകൊണ്ട് ചുറ്റിക്കെട്ടി വച്ചിരിക്കുന്നതിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നിയാണ് അത് തുറന്ന് നോക്കിയത്. കേശാദിപാദം ചാർത്താനുള്ള മാലയ്ക്ക് നീളം കഷ്ടിച്ച് ഒന്നര മുഴം! അതും ഉണങ്ങിക്കരിഞ്ഞ് ദിവസങ്ങൾ പഴക്കമുള്ളതും. ഇത് ചൂണ്ടിക്കാണിച്ച ഭക്തന് വ്യക്തമായ മറുപടി നൽകാൻ വില്പനക്കാരൻ തയ്യാറായില്ല. ഭക്തൻ ഇതിന്റെ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ഇപ്പോൾ വൈറലാണ്.

വൈക്കം ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദീർഘകാലമായി പരാതിയുണ്ട്.

വഴിപാട് സാധനങ്ങൾ വിൽക്കുവാൻ കരാർ ഏറ്റെടുത്തവരും ദേവസ്വം അധികൃതരും ചേർന്ന് ഭക്തജനങ്ങളെ കബളിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. വഴിപാട് സാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. അത് ഒരിക്കലും പാലിക്കപ്പെടാറില്ല. എണ്ണയ്ക്കും മറ്റും ക്ഷേത്രത്തിന് പുറത്തെ കടകളിൽ വിൽക്കുന്നതിന്റെ ഇരട്ടിയിലധികം വിലയാണ് ഈടാക്കുക. അളവിൽ കുറവാണ് താനും.

കൂവളമാല, പഴം, നാളികേരം, എണ്ണ തുടങ്ങിയ നിരവധി വഴിപാട് സാധനങ്ങൾ ഭക്തർ വാങ്ങിക്കൊണ്ടുപോയി നടയ്ക്കൽ സമർപ്പിക്കുന്നത് ഉപയോഗിക്കാതെ വഴിപാട് കൗണ്ടറിലേക്ക് അതേപടി തിരിച്ചെത്തുന്നതായും അത് വീണ്ടും വിൽക്കുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണവും നിലനിൽക്കുന്നുണ്ട്.

ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കഴിഞ്ഞ മാസം 17ന് മഹാദേവക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനോട് ഭക്തജനങ്ങൾ പരാതിപ്പെട്ടിരുന്നു. അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഒരു നടപടിയുമുണ്ടായില്ല. വഴിപാടിന്റെ പേരിലുള്ള കൊള്ള നിർബാധം തുടരുകയുമാണ്.