old-man

അശ്വതി. എസ് , പത്തനംതിട്ട


ആയുസ്സിന്റെ നല്ലപാതി
ചോര നീരാക്കിയപ്പോൾ
സമ്മാനം ലഭിച്ചതീ
ജരാനരയുടെ കാലമായിരുന്നു.

കുടിപോറ്റുവാൻ ഇറങ്ങി
മലയിലും മണ്ണിലും
പൊന്നുവിളയിച്ചവന്
വിശ്രമകാലത്ത് ഉതകിയതീ
പത്തുപൈസ ആയിരുന്നു.

കൊച്ചുമക്കൾക്ക് ഇറ്റ്
സന്തോഷത്തിനും
വായ്ക്ക് വ്യായാമത്തിനുള്ള
വെറ്റിലക്കും
ആരോടുമിരക്കാതെ
നൽകിയതെല്ലാം
അടുത്തൂണിൽ നിന്നും
ഒരു പങ്കായിരുന്നു .

അച്ഛന്റെ കാശെനിക്കെന്തിനെന്ന്
ചോദിച്ച മക്കൾ
അച്ഛനീ കാശെന്തിനെന്ന്
ചോദിച്ച കാലം
വിദൂരമായിരുന്നില്ല

കിട്ടിയതെല്ലാം തിരഞ്ഞെടുത്ത്
നിർധനനാക്കിയാ വൃദ്ധനെ
ശരണാലയത്തിൽ
പണയം വെച്ച്
പലിശയടച്ചതീ
അടുത്തൂൺ ആയിരുന്നു.

നന്ദിയോടെ ഓർത്ത അടുത്തൂണിനെ
നിന്ദയോടോർത്താണ് അച്ഛൻ
അശരണരുടെ ആ പാർപ്പിടത്തിൽ
നിനവുകളൊഴിഞ്ഞു
കഴിഞ്ഞു കൂടിയത്.

അകലങ്ങളിലേക്ക്
കൂടുമാറിയ മക്കൾ
അരികിലോടിയെത്തി
അച്ഛനെ കണ്ടതീ,
അടുത്തൂൺ കിട്ടുന്ന
ദിനമെന്ന് ഓർത്താണ്
അച്ഛൻ അതിനെ
വീണ്ടും സ്നേഹിച്ചുതുടങ്ങിയത്.....!