
തൃശൂർ: ഇടവിളക്കൃഷിയായി ഒന്നര സെന്റ് സ്ഥലത്ത് മാലി മുളക് തൈകളാണ് കൈപ്പറമ്പ് പുത്തൂർ വടക്കുഞ്ചേരി ഉണ്ണിക്കൃഷ്ണൻ നട്ടത്. 300 ചെടിയിൽ നിന്ന് 67 ാം ദിവസം വിളവെടുത്തപ്പോൾ ലഭിച്ചതോ 17 കിലോ. അന്നത്തെ വരുമാനം 11,390 രൂപ. കിലോയ്ക്ക് 670 രൂപ വരെയുള്ള മാലി മുളകാണ് ഇപ്പോൾ ഉണ്ണിക്കൃഷ്ണന്റെ തോട്ടത്തിലെ താരം.
മാലിക്കാർക്ക് പ്രിയപ്പെട്ടതിനാലാണ് ഈ കയറ്റുമതിയിനം മാലി മുളകെന്ന് അറിയപ്പെടുന്നത്. സൂപ്പർ മാർക്കറ്റ് ഉടമകളും കാറ്ററിംഗ് സർവീസുകാരും ഉണ്ണിക്കൃഷ്ണന്റെ തോട്ടത്തിലെത്തി വാങ്ങും. 300ൽ നിന്ന് ആയിരം തൈകളാക്കാനാണ് ഉണ്ണിക്കൃഷ്ണന്റെ തീരുമാനം. പത്ത് കൊല്ലമായി കൃഷിയിലേക്ക് ഇറങ്ങിയിട്ട്. അഞ്ച് കൊല്ലമായി മുഴുവൻ സമയ കർഷകനാണ്. കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തായിരുന്നു ജോലി. 10 ഏക്കറിൽ കൂടുതലും പച്ചക്കറിയാണ്. കൃത്യതാ കൃഷിയാണ് ഉണ്ണിക്കൃഷ്ണന് ലാഭം നൽകുന്നത്. വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷൻ വഴി നൽകും. മണ്ണിൽ ഷീറ്റ് പുതയ്ക്കുന്നതിനാൽ കളശല്യമില്ല. കൂലിച്ചെലവും കുറവ്. ജൈവ വളമാണ് ഉപയോഗിക്കുക. മാലി മുളക് ചെടികൾ ഒരു വർഷത്തിലധികം വിളവ് നൽകും. വർഷത്തിൽ കുറഞ്ഞത് 50,000 രൂപ വരെ ലാഭവും കിട്ടും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പുരസ്‌കാരങ്ങളും പഞ്ചായത്ത്, ജില്ലാതല അവാർഡും ലഭിച്ചിട്ടുണ്ട്.
മാലി മുളക്
സാധാരണ മുളകിനേക്കാൾ വലിപ്പവും മണവും സ്വാദും എരിവും കൂടുതലാണ്. രണ്ടര ഇഞ്ച് വരെ വലിപ്പം. തൊലി ചുളിഞ്ഞിരിക്കും. എരിവ് കൂടുതലായതിനാൽ കുറച്ച് മതി. കാറ്ററിംഗുകാർക്ക് പ്രയോജനപ്രദം. നല്ല ചെടിയിൽ നിന്ന് അഞ്ച് കിലോ വരെ കിട്ടും.
തെക്കേ അമേരിക്കൻ ജനുസിൽപെട്ടതാണ് (കാപ്സിക്കം ചൈനാൻസി) മാലി മുളക്. ആദ്യം ഇടുക്കിയിൽ തുടങ്ങിയ കൃഷി പ്രചാരത്തിലാവുന്നുണ്ട്. ഇതേ ഇനത്തിൽപെട്ട 'വെള്ളായണി തേജസ്' കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.
മണ്ണ് പരിശോധിച്ച് ശാസ്ത്രീയമായി ചെയ്താൽ പച്ചക്കറിക്കൃഷി ലാഭകരമാണ്. ഷിഫ്റ്റ് സമ്പ്രദായത്തിൽ വിളയിറക്കിയാൽ എപ്പോഴും ഉൽപാദനമുണ്ടാകും.
ഉണ്ണിക്കൃഷ്ണൻ