r-c-bhargava

മുംബയ്: പരിസ്ഥിതിക്ക് ഏറ്റവും നല്ലത് ഇലക്ട്രിക് വാഹനങ്ങളാണെന്നും, അതാണ് ഭാവിയെന്നും പറയുമ്പോൾ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ പ്രതീക്ഷിച്ച ഫലം നൽകില്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ചെയർമാൻ ആർ സി ഭാർഗവ പറയുന്നത്. മാത്രമല്ല 2025 ന് മുമ്പായി ഒരു ഇലക്ട്രിക് കാറും പുറത്തിറക്കാൻ കമ്പനിയ്ക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന 10-15 വർഷത്തിൽ രാജ്യത്ത് വൈദ്യുത വാഹനങ്ങൾ പ്രതീക്ഷിക്കുന്ന ഫലം നൽകില്ല. കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് വൈദ്യുത വാഹനങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ പ്രധാന വൈദ്യുതി ഉറവിടം കൽക്കരിയാണ്. അതിനാൽ തന്നെ വരും വർഷങ്ങളിൽ വൈദ്യുത വാഹനങ്ങളുടെ സഹായത്തോടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുകയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വൈദ്യുത വാഹനങ്ങൾക്കൊപ്പം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), ബയോ സിഎൻജി, എഥനോൾ, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയ ബദൽ സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ കുറച്ച് ഹരിതഗൃഹ വാതകങ്ങൾ മാത്രമേ പുറന്തള്ളുകയുള്ളു. ഇതു വഴി രാജ്യത്തെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും സാധിക്കും. ഇടി ഓട്ടോ ഇവി കോൺക്ലേവ് 2022 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൂടുതൽ കാർബൺ പുറന്തള്ളുന്ന പെട്രോൾ, ഡീസൽ കാറുകളുടെ അതേ നികുതി തന്നെ സിഎൻജിയിൽ പ്രവർത്തിക്കുന്ന കാറുകൾക്കും ഏർപ്പെടുത്തുന്നതിലെ സർക്കാരിന്റെ യുക്തിയെന്താണെന്നും ഭാർഗവ ചോദിച്ചു. സിഎൻജി, ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള നികുതി കുറയ്ക്കണം ഒപ്പം കാർഷിക മാലിന്യത്തിൽ നിന്ന് ബയോ-സിഎൻജി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും വേണം. കാർബൺ നെഗറ്റീവ് ആയി മാറാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി അമേരിക്കയും യൂറോപ്പും പോലുള്ള പാശ്ചാത്യ രാജ്യങ്ങൾ പിന്തുടരുന്ന വഴികൾ തന്നെ ഇന്ത്യയും സ്വീകരിക്കുകയാണെങ്കിൽ രാജ്യത്തിന് ഇക്കാര്യത്തിൽ മുന്നേറാൻ സാധിക്കില്ല. അതിനാലാണ് മാരുതി സുസുക്കി വളരെക്കാലമായി സിഎൻജി, ഹൈബ്രിഡ് കാറുകൾ നിരത്തിലിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഇന്ത്യയുടെ പ്രതിശീർഷ വരുമാനം യൂറോപ് രാജ്യങ്ങളിലെ ആൾക്കാരുടെ അഞ്ച് ശതമാനവും അമേരിക്കക്കാരുടെ മൂന്ന് ശതമാനം മാത്രവുമാണ്. അതിനാൽ തന്നെ ഇന്ത്യയിലെ ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്നത് ചെറു കാറുകളും ഇരു ചക്ര വാഹനങ്ങളുമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വില സാധാരണ പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിലയേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ രാജ്യം ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നത് കൂടുതൽ ആൾക്കാരെ കാറുകൾ വാങ്ങുന്നതിൽ നിന്ന് അത് തടയും. ആൾക്കാർ ഇരു ചക്ര വാഹനങ്ങളിൽ തന്നെ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുമ്പോൾ അവയിലുപയോഗിക്കുന്ന ബാറ്ററികളുടെ ആവശ്യകതയും ഉയരും. ഈ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ ലിഥിയം-കൊബാൾട്ട് ശേഖരം ഇന്ത്യയിലില്ല. അതിനാൽ തന്നെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ഇന്ത്യയുടെ ഇറക്കുമതിയെ ക്രൂഡ് ഓയിലിൽ നിന്ന് ലിഥിയം-കൊബാൾട്ട് എന്നിവയുടെ ഉപയോഗത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.