vivek-ranjan-agnihothri

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ച ദി കാശ്‌മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. രാജ്യത്തുടനീളം സംവിധായകന് സി ആർ പി എഫിന്റെ സുരക്ഷ ലഭിക്കും. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകനെതിരെ ഭീഷണികൾ ഉയർന്നതിന് പിന്നാലെയാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്. രണ്ട് കമാൻഡോകളും പൊലീസുകാരുമടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വിവേക് അഗ്നിഹോത്രിക്കൊപ്പമുണ്ടാകും.

1990കളിൽ കാശ്‌മീരി പണ്ഡിറ്റുകൾ നേരിട്ട ക്രൂര പീഡനവും തുടർന്നുള്ള കൂട്ട പലായനവുമാണ് ദി കാശ്‌മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പ്രമേയം. നികുതിയിളവടക്കം കേന്ദ്രത്തിന്റെയും നിരവധി സംസ്ഥാന സർക്കാരുകളുടെയും പിന്തുണ ചിത്രത്തിന് ലഭിച്ചിരുന്നു. സത്യം പറയുന്ന സിനിമയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ അനുകൂലിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

റിലീസായതുമുതൽ ഏറെ ചർച്ചാ വിഷയമായ ചിത്രമാണ് അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദി കാശ്‌മീർ ഫയൽസ്. മാർച്ച് പതിനൊന്നിനാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്. അക്ഷയ് കുമാർ, യാമി ഗൗതം അടക്കം നിരവധി താരങ്ങൾ ചിത്രത്തെ പിന്തുണച്ച് എത്തിയിരുന്നു. പല്ലവി ജോഷി, ദ‌ർഷൻ കുമാർ, ചിൻമയ് മൻദ്‌ലേക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് ദി കാശ്‌മീർ ഫയൽസ്. ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന, റിയലിസ്റ്റിക്കായ ഷോട്ടുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യാഥാർത്ഥ്യങ്ങൾ അതേരീതിയിൽ അവതരിപ്പിച്ച ചിത്രമെന്നും നിരവധി അഭിനന്ദനങ്ങൾ സിനിമയ്ക്ക് ലഭിച്ചിരുന്നു.