
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ് നവ്യാ നായർ. വി.കെ പ്രകാശ് സംവിധാനം ചെയ്‌ത 'ഒരുത്തീ'യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. നവ്യാ നായർ, സെെജു കുറുപ്പ്, വിനായകൻ, കെപിഎസി ലളിത എന്നിവരാണ് ഒരുത്തീയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്.
ഗംഭീര തിരിച്ചുവരവ് തന്നെയാണ് നവ്യ ചിത്രത്തിലൂടെ നടത്തിയിരിയ്ക്കുന്നത്. ബോട്ടിലെ കണ്ടക്ടറായ രാധാമണിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നവ്യാ നായർ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയാണ് സിനിമയുടെ കഥാപരിസരം. രാധാമണിയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങിയ സാധാരണ കുടുംബത്തിൽ നടക്കുന്ന അസാധാരണമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാധാമണിയുടെ ദുബായിലുള്ള ഭർത്താവായി സെെജു കുറുപ്പ് വേഷമിട്ടിരിയ്ക്കുന്നു.

കൊച്ചു കൊച്ചു സന്തോഷത്തിലൂടെയും ദുഖത്തിലൂടെയും കടന്ന് പോകുന്ന കുടുംബത്തിലാണ് പെട്ടെന്ന് അസാധാരണമായ സംഭവങ്ങൾ അരങ്ങേറുന്നത്. സുരക്ഷിത നിക്ഷേപമായി എല്ലാവരും കരുതുന്ന സ്വർണത്തിന്മേൽ പറ്റുന്ന ചതി രാധാമണിയുടെയും കുടുംബത്തിന്റെയും താളം തെറ്റിക്കുന്നു. ഇതിനെതിരെയുള്ള രാധാമണിയുടെ പോരാട്ടമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. തുടരെത്തുടരെയുള്ള ജീവിത വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന കഥാപാത്രത്തെ നവ്യാ നായർ അതിമനോഹരമായിട്ടുണ്ട്. സി.കെ ആന്റണിയെന്ന പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന വിനായകനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിയ്ക്കുന്നത്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ച് നിൽക്കുന്നു. സുരേഷ് ബാബു രചന നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. ലിജോ പോളാണ് എഡിറ്റിംഗ്.
ഒരു കുടുംബ ചിത്രമെന്ന രീതിയിൽ മുന്നോട്ട് പോയ ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കെെവരുന്നുണ്ട്. ക്ലെെമാക്സിനോട് അടുക്കുമ്പോൾ ചിത്രം കൂടുതൽ ആകാംശഭരിതമാകുന്നുണ്ട്. അഭിനയ പ്രാധാന്യം ഏറെയുണ്ടായിരുന്ന രാധാമണിയെ തന്റെ പരിചയ സമ്പത്ത് കൊണ്ട് മനോഹരമാക്കാൻ നവ്യയ്ക്ക് സാധിച്ചു. സമീപഭാവിയിൽ പുറത്തിറങ്ങിയതിലെ ശക്തമായ ഒരു സ്‌ത്രീകഥാപാത്രം തന്നെയാണ് രാധാമണി. നീതി ഔദാര്യമല്ല, മറിച്ച് അവകാശമാണെന്ന് പറഞ്ഞു വയ്ക്കാനും ചിത്രത്തിനാകുന്നുണ്ട്.
