
ധാക്ക : ബംഗ്ലാദേശിലെ ധാക്കയിലുള്ള പ്രശസ്തമായ ഇസ്‌കോൺ രാധാകാന്ത ക്ഷേത്രത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. 150 പേരടങ്ങുന്ന ജനക്കൂട്ടമാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു. ബംഗ്ലാദേശിലെ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും സംഘടന വെളിപ്പെടുത്തി. അക്രമം നടന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ക്ഷേത്രത്തിൽ ആക്രമണം നടക്കുമ്പോൾ പൊലീസ് ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. അക്രമികൾ ക്ഷേത്രത്തിൽ നിന്നും പണവും മറ്റ് അമൂല്യമായ പൂജാവസ്തുക്കളും കൊള്ളയടിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ധാക്കയിലെ ആക്രമണത്തിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ നിലവിളി യു എൻ കേൾക്കുന്നില്ലെന്ന് ഇസ്‌കോൺ കൊൽക്കത്ത അപലപിച്ചു. ഹോളി ആഘോഷങ്ങളുടെ തലേദിവസം നടന്ന വളരെ നിർഭാഗ്യകരമായ സംഭവമാണിത്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്രസഭ മാർച്ച് 15 ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയിരുന്നുവെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പറഞ്ഞു. ആയിരക്കണക്കിന് ബംഗ്ലാദേശി, പാകിസ്ഥാൻ ന്യൂനപക്ഷങ്ങളുടെ കഷ്ടപ്പാടുകളിൽ ഐക്യരാഷ്ട്രസഭ നിശബ്ദത പാലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
On the night of shab-e-barat, Extremists are again attacking the Wari Radhakanta #ISKCON temple in Dhaka. We are requesting to all the Hindus to play their role in protecting the temple. #SaveBangladeshiHindus#SaveHinduTemplesInBangladesh @RadharamnDas @iskcon @india_iskcon pic.twitter.com/DVLZF7yVPG
— Voice Of Bangladeshi Hindus 🇧🇩 (@VoiceOfHindu71) March 17, 2022
ഇതാദ്യമായല്ല ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ വർഷം, ബംഗ്ലാദേശിലെ കോമില്ല ടൗണിലെ നനുവാർ ദിഗി തടാകത്തിന് സമീപമുള്ള ദുർഗ്ഗാ പൂജ പന്തലിൽ ഇസ്ലാം മതഗ്രന്ഥം അവഹേളിക്കപ്പെട്ടു എന്ന് ആരോപിച്ച് അക്രമം പൊട്ടിപുറപ്പെട്ടിരുന്നു. അന്നത്തെ അക്രമ സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ധാക്കയിലെ ടിപ്പു സുൽത്താൻ റോഡിലും ചിറ്റഗോംഗിലെ കോട്വാലിയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.