
മിച്ചം വരുന്ന പണത്തിന് സ്വർണം വാങ്ങുക എന്നത് മലയാളിയുടെ സ്വഭാവമാണ്. പണ്ടുകാലത്ത് കൃഷിയിൽ നിന്നും മിച്ചമുണ്ടായ പണത്തിന് സ്വർണം വാങ്ങി സൂക്ഷിക്കുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ. ഈ സ്വർണം അടുത്ത തലമുറയിലേക്ക് വിവാഹത്തിലൂടെയും മറ്റും പരമ്പരാഗതമായി കൈമാറുകയും ചെയ്യുമായിരുന്നു. എന്നാൽ പെട്ടെന്ന് എന്തെങ്കിലും ആവശ്യം വരികയോ, വീടോ മറ്റോ നിർമ്മിക്കുന്നതിന് വേണ്ടിയോ കൈയിലുള്ള സ്വർണം മുഴുവൻ വിൽക്കാൻ തീരുമാനിച്ചാൽ പരമ്പരാഗതമായി ലഭിച്ച സ്വർണത്തിന് ലഭിക്കുന്ന കാശിൽനിന്നും നികുതി അടയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയം മിക്കവരിലും ഉണ്ടാവും. എന്നാൽ ഇതിനുള്ള ഉത്തരം നികുതി അടയ്ക്കണം എന്ന് തന്നെയാണ്.
ക്യാപിറ്റൽ അസെറ്റ് എന്ന നിർവചനത്തിനുള്ളിൽ വരുന്ന ഏതൊരു വസ്തുവിന്റെ വിൽപ്പനമേലും നികുതി ബാദ്ധ്യതയുണ്ട്. ജുവലറി ഒരു ക്യാപിറ്റൽ അസെറ്റ് ആണെന്ന് ഇവിടെ എടുത്ത് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു തന്നെ സ്വർണാഭരണം വിറ്റുകിട്ടുന്ന തുക നികുതി നൽകാൻ ബാധകമാണെന്ന് വ്യക്തം. പരമ്പരാഗത സ്വർണം 2001 ഏപ്രിൽ ഒന്നിലെ മാർക്കറ്റ് വില വാങ്ങിയ വിലയായി കണക്കാക്കും. ലഭിച്ച് മൂന്ന് വർഷം വരെ കൈവശം വച്ചശേഷം വിൽപ്പന നടത്തിയാൽ ഹ്രസ്വകാല നേട്ടവും അതിൽ കൂടുതൽ സമയം കൈവശം വച്ചു വിറ്റാൽ ദീർഘകാല നേട്ടവുമാണ്. വിൽപ്പന തുകയും വാങ്ങിയ തുകയും തമ്മിലുള്ള വ്യത്യാസത്തെയാണ് മൂലധന നേട്ടമോ നഷ്ടമോ ആയി കണക്കാക്കേണ്ടത്.