volkswagen-tiagun

മുംബയ്: 2022ലെ കാർ ആഡ് ബൈക്ക് അവാർഡിലെ കാർ ഓഫ് ദി ഇയർ അവാർഡ് ഫോക്സ്‌വാഗണിന്റെ കോംപാക്ട് എസ്‌യുവിയായ ടൈഗണിന് ലഭിച്ചു. മഹീന്ദ്രയുടെ എക്സ്‌യുവി 700, സിട്രോൺ സി5 എയർക്രോസ്, ടാറ്റയുടെ പഞ്ച് എന്നിവയോട് മത്സരിച്ചാണ് ടൈഗൺ ഈ അവാർഡ് സ്വന്തമാക്കിയത്. എക്സ്യുവി700 ആണ് റണ്ണറപ്പായത്. ടൈഗണിന്റെ മികച്ച ബിൽഡ് ക്വാളിറ്റിയും ഹാൻഡ്ലിംഗ് വൈദഗ്ധ്യവുമാണ് ജൂറിയെ ആകർഷിച്ചത്.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് ടൈഗൺ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിയത്. വിപണിയിലെ മറ്റ് എസ്യുവികളായ ഹ്യുണ്ടായിയുടെ ക്രെറ്റയോടും കിയയുടെ സെൽടോസിനോടും ഫോക്സ്വാഗണിന്റെ തന്നെ സഹോദര ബ്രാൻഡായ സ്‌കോഡയുടെ കുഷാക്കിനോടും ഇത് കിടപിടിക്കുന്നുണ്ട്. രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൈഗൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തേത് 1.0 ലിറ്ററിന്റെ മൂന്നു സിലിണ്ടറോടു കൂടിയ മോഡലും രണ്ടാമത്തേത് 1.5 ലിറ്ററിന്റെ നാല് സിലിണ്ടറോടുകൂടിയ മോഡലുമാണ്.

ഇലക്ട്രിക് സൺറൂഫ്, ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ടൈഗണിന്റെ പ്രത്യേകതയാണ്. ഇത് എംക്യുബി-ഐഎൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, സ്‌കോഡ കുഷാക്കിലും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണിത്‌. 10 99 900 രൂപയാണ് അടിസ്ഥാന വില. 16-19 കിലോമീറ്ററാണ് കാറിന്റെ മൈലേജ്.