
കൊച്ചി: കളമശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു. കളമശേരി മെഡിക്കൽ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിർമാണപ്രവർത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്.
മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബംഗാൾ സ്വദേശി ഫൈജുൽ മണ്ഡലാണ് മരിച്ചത്. ഏഴ് പേരാണ് മണ്ണിനടിയിൽപ്പെട്ടത്. ഇവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുഴിയെടുക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. 25 തൊഴിലാളികളാണ് ജോലിക്കായി ഉണ്ടായിരുന്നത്.

ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം. വീണ്ടും മണ്ണിടിയുമോയെന്ന ആശങ്ക രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. പൊലീസും ഫയർഫോഴ്സും ഉൾപ്പടെ ചേർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.