krail

കോഴിക്കോട്: സിൽവർലൈൻ പദ്ധതിയ്‌ക്കെതിരായ കോഴിക്കോട് കല്ലായിയിലെ സമരത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് സ്‌ത്രീകൾ. സമരത്തിൽ പങ്കെടുത്ത സ്‌ത്രീകളെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി, നിലത്തുകൂടി വലിച്ചിഴച്ചു. ലാത്തി ഉപയോഗിച്ച് കുത്തിയതായും സ്ത്രീകൾ പറഞ്ഞു.

നേരത്തെ അറിയിക്കാതെ എത്തിയ കെ റെയിൽ അധികൃതർക്കെതിരെ കല്ലായിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. കെ റെയിൽ അതിരടയാളകല്ലുകൾ അധികൃതർ സ്ഥാപിച്ചതിന് പിന്നാലെ ഏഴ് കല്ലുകൾ നാട്ടുകാർ ഇളക്കി കളഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവൻ സ്ഥലത്തെത്തി കളക്‌ടറോട് നടപടി നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടു. പ്രതിഷേധ നടപടിയെത്തുടർന്ന് മൂന്നുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു.

കോഴിക്കോടും കോട്ടയത്തുമുണ്ടായ പ്രതിഷേധം പോലെ കൊച്ചിയിൽ മാമലയിലും പ്രതിഷേധമുണ്ടായി. ചങ്ങനാശേരിയിൽ ഇന്നെലെയുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ വലിയ ജനപങ്കാളിത്തം കണ്ടു. നഗരത്തിൽ തുറന്ന ബാങ്കുകളും കടകളും അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടത് നേരിയ സംഘർഷവുമുണ്ടാക്കി. മാടപ്പള്ളിയിൽ യുഡിഎഫ് നേതാക്കളെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,പി.ജെ ജോസഫ് എംഎൽഎ,കെ.സി ജോസഫ് എന്നിങ്ങനെ മുതിർന്ന നേതാക്കളെത്തി സിൽവർലെയ്‌ൻ വിരുദ്ധ സമരസമിതിയ്‌ക്ക് പിന്തുണയറിയിച്ചു.